കെപിസിസി പുനഃസംഘടനയിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുനഃസംഘടനയിൽ ചാണ്ടി ഉമ്മനേയും അബിൻ വർക്കിയെയും തഴഞ്ഞതിൽ പ്രതിഷേധിച്ച ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കെതിരെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്. “പുനഃസംഘടനയിൽ സമുദായിക സമവാക്യങ്ങൾ ഘടകമാവാറുണ്ട്.
പക്ഷേ സമുദായ സംഘടനകളുടെ നിർദ്ദേശം ഇക്കാര്യത്തിൽ ആവശ്യമില്ല. സഭക്ക് പരാതിയെന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞ് പരിഹരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
“പുനഃസംഘടനയിൽ പരാതികൾ കാണും. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താൻ പറയുന്നില്ല . എന്നാൽ ഏറ്റവും ചെറിയ കമ്മറ്റി വേണമെന്നാണ് തന്റെ താല്പര്യം. കുറേ താല്പര്യങ്ങളുണ്ട് അതെല്ലാം പരിഗണിച്ചു പോകണം. സെക്രട്ടറിമാരുടെ ലിസ്റ്റിൽ ഉൾക്കൊള്ളാൻ കഴിയാത്ത പലരെയും ഉൾക്കൊള്ളിക്കേണ്ടിവരും. ജംബോ കമ്മിറ്റി അനാവശ്യമെന്ന് പറയില്ല. പക്ഷെ തൻ്റെ പോളിസി അങ്ങനെയല്ല” എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെപിസിസി പുനഃസംഘടനയിലെ അതൃപ്തി പരിഹരിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എ – ഐ ഗ്രൂപ്പുകളും കെ മുരളീധരൻ, ശശി തരൂർ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. നേതാക്കളെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താനുള്ള നീക്കങ്ങൾക്കിടയിലാണ് ഓർത്തഡോക്സ് സഭ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
Post a Comment