ഹൃദയസ്തംഭനത്തെ തുടർന്ന് മസ്തിഷ്ക മരണം; കോഴിക്കോട് സ്വദേശിനിയുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങൾ ദാനം ചെയ്തു




കോഴിക്കോട്: മസ്തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് സ്വദേശിനിയുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങൾ ദാനം ചെയ്തു. കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടിൽ കെ അജിത(46)യുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്. ഹൃദയം കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ നാൽപ്പത്തിനാലുകാരിക്കാണ് നൽകിയത്.സെപ്റ്റംബർ 28നാണ് നാൽപ്പത്താറുകാരിയായ അജിതയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അജിതയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അജിതയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അജിതയ്ക്ക് മന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു. പി രവീന്ദ്രനാണ് അജിതയുടെ ഭർത്താവ്. പി സാരംഗി (TWSI കോഴിക്കോട്), പി ശരത് എന്നിവരാണ് മക്കൾ. മരുമകൻ മിഥുൻ (ഇന്ത്യൻ ആർമി).


Post a Comment

أحدث أقدم

AD01