കൊപ്പൽ: കർണാടകയിൽ സർക്കാർ സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിയിൽ പത്താംക്ലാസ്സുകാരി പ്രസവിച്ചു. കൊപ്പലിലെ ശ്രി ഡി ദേവരാജ് പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലാണ് 16 കാരി പ്രസവിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വിദ്യാർത്ഥിനി ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി 23കാരനും മറ്റ് ആറു പേർക്കെതിരെയും കേസ് എടുത്ത് കുകന്നൂർ പൊലീസ്. ഹോസ്റ്റലിലെ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തക അടക്കമുള്ള ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് കേസ്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഹന്ത് സ്വാമിയാണ് എഫ്ഐആർ ഫയൽ ചെയ്തിട്ടുള്ളത്. രാവിലെ 5.30ഓടെ ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകിയതായി ഹോസ്റ്റൽ ജീവനക്കാരാണ് സഖി കേന്ദ്രത്തിൽ വിളിച്ച് അറിയിച്ചത്. വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് പോലും കണ്ടെത്താനാകാതെ ഹോസ്റ്റലിലെ ഡോക്ടർമാരും ജീവനക്കാരും ശുചിമുറിയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിക്കും നവജാത ശിശുവിനും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥനോടാണ് 23കാരൻ തന്നെ ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്ത വിവരം വിദ്യാർത്ഥിനി വിശദമാക്കിയത്. ഈ വർഷം ഏപ്രിൽ മാസത്തിൽ നിരവധി തവണയാണ് 23കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഹനുമഗൗഡ എന്ന 23കാരൻ വിവാഹ വാഗ്ദാനം നൽകിയായിരുന്നു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ശേഷം ബല പ്രയോഗത്തിലൂടെ ലൈംഗിക ബന്ധം പുലർത്തിയെന്നാണ് വിദ്യാർത്ഥിനി മൊഴി നൽകിയത്. ഹോസ്റ്റലിലെ വാർഡൻ ശശികല, മുതിർന്ന അധ്യാപകരായ പ്രഭാകർ, യാൻകപ്പ, ദേശീയ ശിശു സംരക്ഷണ പദ്ധതിയിലെ ഡോക്ടർമാരായ ഡോ ഭരതേഷ് ഹിരേമത്, ഡോ സബിയ എന്നിവർക്കെതിരെയാണ് കൃത്യ നിർവ്വഹണങ്ങളിലെ വീഴ്ചയ്ക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംരക്ഷിക്കാത്തതിനും കേസ് എടുത്തത്. വിദ്യാർത്ഥിനി ഗർഭിണി ആയ ശേഷവും ഹോസ്റ്റലിൽ സ്ഥിര പരിശോധനകളിൽ അസ്വഭാവികതയൊന്നും കണ്ടെത്താതിരുന്നതിനാണ് നടപടി. 23കാരനെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയ്ക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ ഓഗസ്റ്റ് മാസത്തിൽ യാഡ്ഗിറിലെ സർക്കാർ റെസിഡൻഷ്യൽ സ്കൂളിലെ ശുചിമുറിയിൽ ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
സർക്കാർ സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ച് പത്താംക്ലാസ്സുകാരി; 23കാരൻ അറസ്റ്റിൽ; അധ്യാപകരും ഡോക്ടറുമുൾപ്പെടെ 6 പേർക്കെതിരെ കേസ്
WE ONE KERALA
0
.jpg)




إرسال تعليق