വികസന സ്വപ്നം യാഥാർഥ്യമാക്കി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പുതിയ കെട്ടിടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും




കൂത്തുപറമ്പ് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ആധുനിക ചികിത്സ ലഭ്യമാക്കുക എന്ന സ്വപ്‌നം യാഥാർഥ്യമാവുന്നു. കൂത്തുപറമ്പിന്റെ പൊതുജനാരോഗ്യ രംഗത്ത് പുതിയ അധ്യായം തുറന്ന് താലൂക്ക് ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം നവംബർ മൂന്നിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 59.23 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ നിർവഹണം നടത്തിയത്. ഇതിൽ 52.30 കോടി രൂപ നബാർഡ് ആർഐഡിഎഫ് വായ്പയാണ്. ബാക്കി വിഹിതം സംസ്ഥാന സർക്കാരുമാണ് നൽകിയത്.  ബേസ്‌മെൻറ് ഉൾപ്പെടെ 12 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ രൂപകൽപന ചെയ്ത ഈ കെട്ടിടത്തിൽ 171 കിടക്കകളാണ് ഉള്ളത്. ഒൻപത് കിടക്കകളുള്ള മെഡിക്കൽ ഐസിയു, നാല് കിടക്കകളുള്ള സർജിക്കൽ ഐസിയു, ജനറൽ, നേത്ര, ഗൈനക്, ലേബർ വിഭാഗങ്ങളിലായി നാല് ഓപറേഷൻ തിയറ്ററുകൾ, 20 കിടക്കകളുള്ള അത്യാഹിത വിഭാഗം, നാല് ലേബർ സ്യൂട്ടുകളുള്ള ലേബർ റൂം എന്നിവ പ്രവർത്തിക്കും. കൂടാതെ റേഡിയോളജി, എക്‌സ്‌റേ, മാമോഗ്രാം, 12 ഒ.പി കൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഒഫ്താൽമോളജി വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്,  പുരുഷന്മാരുടെയും സ്ത്രീകളുടെയും സർജിക്കൽ വാർഡുകൾ, അഡ്മിനിസ്ട്രേറ്റീവ് വാർഡ് എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. ലിഫ്റ്റ്, ഫാർമസി, സ്റ്റാഫ് റൂം, മോർച്ചറി എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. കെട്ടിടത്തോട് അനുബന്ധിച്ച്  മലിനജല ശുദ്ധീകരണ പ്ലാന്റും പ്രവർത്തിക്കും. ഡയാലിസിസ് യൂണിറ്റും ഫിസിയോതെറാപ്പി സെന്ററും നിലവിലുള്ള സമീപ കെട്ടിടങ്ങളിൽ തുടരും. ദിവസേന ഏകദേശം 1500 രോഗികൾ ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയിൽ പുതിയ മൾട്ടി സ്‌പെഷ്യാലിറ്റി സംവിധാനം ആരംഭിക്കുന്നതോടെ രോഗികളുടെ വരവ് ഗണ്യമായി വർധിക്കും. ഇപ്പോൾ ആശുപത്രിയിൽ 90 സ്ഥിര ജീവനക്കാരും 60 താൽക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തെ പുതിയ ദിശയിലേക്ക് നയിക്കുന്ന വികസനത്തിന്റെ പ്രതീകമായി മാറുകയാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി. 2019ൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കൂത്തുപറമ്പ് എം എൽ എ യുമായിരുന്ന കെ കെ ശൈലജ ടീച്ചറാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ സമുച്ചയത്തിന് സ്ഥലം കണ്ടെത്തിയത്.  കൂത്തുപറമ്പ് നഗരസഭാ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. എം.പി.മാരായ ഡോ. വി. ശിവദാസൻ, ഷാഫി പറമ്പിൽ, എം.എൽ.എമാരായ കെ.കെ. ശൈലജ ടീച്ചർ കെ.പി മോഹനൻ, ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ, കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി.സുജാത ടീച്ചർ, ഡിഎംഒ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കും.




Post a Comment

أحدث أقدم

AD01