വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു: ഗുരുതര പരുക്ക്; പ്രതി പിടിയിൽ



വര്‍ക്കലയില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്നും യുവതിയെ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടയാൾ പിടിയിൽ. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലെ ജനറൽ കമ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ പിടിയിലായി. ഇയാൾ മദ്യലഹരിയിലായിരുന്നു അതിക്രമം നടത്തിയത്. പ്രതിയെ കൊച്ചുവേളിയിൽ വച്ച് റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ ട്രാക്കിൽ നിന്നാണ് റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്. ഗീത എന്നാണ് പേരെന്നാണ് പ്രാഥമിക വിവരം. ഇവരെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പ്രതി മദ്യപിച്ചാണ് കമ്പാർട്മെന്റിൽ കയറിയതെന്ന് യുവതിക്കൊപ്പം യാത്ര ചെയ്ത സഹയാത്രിക പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും, തനിക്ക് നേരെയും അതിക്രമ ശ്രമമുണ്ടായി എന്നും സഹയാത്രിക പറഞ്ഞു. പ്രതിയെ യാത്രക്കാർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് റെയിൽവേ പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നിലവിൽ ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കുകയാണ്. അതേസമയം, ട്രെയിനിൽ നിന്നും വീണ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ് നിലവിൽ യുവതി.



Post a Comment

أحدث أقدم

AD01