ജില്ലാ ഭരണകൂടം, വിവര പൊതുജന സമ്പർക്ക വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മലയാള ദിനം, ഭരണഭാഷ വാരാഘോഷം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ നിർവ്വഹിച്ചു. സമൂഹം എന്താണെന്ന് മനസ്സിലാക്കാനുള്ള വാതിലാണ് ഭാഷയെന്നും അതിനാൽ ആശയവിനിമയത്തിനപ്പുറം അടുത്ത തലമുറക്ക് ഭാഷയെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടാക്കിക്കൊടുക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും കലക്ടർ പറഞ്ഞു. ഭരണഭാഷ പ്രതിജ്ഞ കലക്ടർ ചൊല്ലിക്കൊടുത്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എഡിഎം കലാ ഭാസ്‌കർ അധ്യക്ഷയായി. മലയാള ഭാഷാ ദിനാചരണത്തിൽ ഒതുക്കാതെ വ്യത്യസ്ത ജനിതക ഘടനയുള്ള നിരവധി ആളുകൾ ചേർന്ന് കേരള സമൂഹം രൂപപ്പെട്ട ദിനമായാണ് കേരളപ്പിറവി ആഘോഷിക്കേണ്ടതെന്ന് ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ പറഞ്ഞു. 'അരികുവൽക്കരിക്കപ്പെട്ടവരുടെ ഭാഷയും ഭരണഭാഷയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദിമ സമൂഹമായ ഗോത്ര ജനത തനത് ഭാഷയും ജീവിത രീതികളും പിന്തുടരുന്നവരാണ്. 36 സമൂഹങ്ങളിലായി അത്ര തന്നെ ഭാഷയുമുണ്ട്. പ്രത്യേക ലിപി ഇല്ലാത്തതിനാൽ അവ മനസിലാക്കുന്നതിനും സംരക്ഷിക്കുന്നതിനും മലയാള ഭാഷയിൽ എഴുതേണ്ടിവരും. ഇത്തരത്തിൽ ഗോത്രഭാഷകളും മലയാളവും തമ്മിലുള്ള കണ്ണി മുറിയാതെ സൂക്ഷിക്കാൻ കഴിയും. ഗോത്ര ജനവിഭാഗത്തിന്റെ ജീവിതരീതികളും വനത്തെയും പ്രകൃതിയെയും കുറിച്ചുള്ള അറിവുകളും പ്രയോജനപ്പെടുത്താൻ അവരുടെ തനത് ഭാഷ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരണത്തിൽ നയങ്ങളും പദ്ധതികളും ആവിഷ്‌ക്കരിക്കുമ്പോൾ സമൂഹത്തിന്റെ വൈവിധ്യങ്ങൾകൂടി ചേർത്തുപിടിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാതല ഭരണഭാഷാ പുരസ്‌കാരത്തിന് അർഹനായ ഇരിക്കൂർ കൃഷി എ.ഡി ഓഫീസ് സീനിയർ ക്ലാർക്ക് ജിമ്മി അഗസ്റ്റിന് ജില്ലാ സദ്സേവന പുരസ്‌കാരം കലക്ടർ സമ്മാനിച്ചു. സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് നടത്തിയ മലയാളം പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഗവ. പ്രസിലെ കെ വി ഷിനോദ്, രണ്ടാം സ്ഥാനം നേടിയ ജില്ലാ പി എസ് സി ഓഫീസിലെ വി വി സലാം, മൂന്നാം സ്ഥാനം നേടിയ കലക്ടറേറ്റിലെ ക്ലാർക്ക് വി അനീസ, മലയാളം കയ്യെഴുത്തു മത്സരത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കലക്ടറേറ്റ് ക്ലാർക്ക്മാരായ വി കെ അനുശ്രീ, കെ.എം നിമിഷ, രേഷ്മ പുതിയാണ്ടി എന്നിവർക്കും കലക്ടർ സമ്മാനം വിതരണം ചെയ്തു. അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫസിർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി, ആർ.ആർ ഡെപ്യൂട്ടി കലക്ടർ പി.ജി. മിനി, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, ജില്ലാ ലോ ഓഫീസർ ഒ.ടി പ്രേംല, എച്ച് എസ് ഇൻചാർജ് വി ബാബുരാജ് എന്നിവർ സംസാരിച്ചു.
സമൂഹത്തെ മനസ്സിലാക്കാനുള്ള വാതിലാണ് ഭാഷ: കലക്ടർ അരുൺ കെ.വിജയൻ
WE ONE KERALA
0
.jpg)




إرسال تعليق