സോഹ്രാൻ മംദാനി-ഡോണാൾഡ് ട്രംപ് കൂടിക്കാഴ്ചയെ കോൺഗ്രസിനെതിരായ ഒളിയമ്പായി അവതരിപ്പിച്ച ശശി തരൂരിനെ രാജ്യത്തെ സാഹചര്യം ഓർമിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തി. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങൾക്കും അപ്പുറം, രാജ്യത്തിന്‍റെ പൊതുതാൽപര്യത്തിനായി പരസ്പരം സഹകരിക്കാൻ തയ്യാറാകണമെന്നാണ് കോൺഗ്രസ് നേതൃത്വത്തെ ഉദ്ദേശിച്ചുള്ള ശശി തരൂരിന്‍റെ ട്വീറ്റ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി സുഹൃത്ത് ട്രംപിനെ അനുകരിച്ചിരുന്നെങ്കിൽ പ്രതിപക്ഷപാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പല വിഷയങ്ങളിലും സുപ്രീം കോടതിയെ സമീപിക്കേണ്ടി വരില്ലായിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി എക്സിൽ, ശശി തരൂരിനെ ഓർമിപ്പിച്ച് കുറിപ്പിട്ടു. ഇതിലൂടെ നമ്മുടെ ജനാധിപത്യ ഫെഡറൽ ഘടന കൂടുതൽ ശക്തവും അർത്ഥവത്തായതുമാകുമായിരുന്നുവെന്ന് ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
ഡോ. ജോൺ ബ്രിട്ടാസിന്‍റെ കുറിപ്പ്
ശശി തരൂർ, താങ്കളോട് ഒരു പ്രധാനപ്പെട്ട കാര്യം പറയട്ടെ: നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ സുഹൃത്ത് ട്രംപിനെ ഈ കാര്യത്തിലെങ്കിലും അനുകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! അദ്ദേഹം അങ്ങനെ ചെയ്തിരുന്നെങ്കിൽ, സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതരാകാതെ തന്നെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ മെച്ചപ്പെടുമായിരുന്നു. നമ്മുടെ ജനാധിപത്യ ഫെഡറൽ ഘടന കൂടുതൽ ശക്തവും അർത്ഥവത്തായതുമാകുമായിരുന്നു.
ട്രംപിനെ മംദാനി സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചുള്ള ശശി തരൂരിന്‍റെ എക്സ് പോസ്റ്റ്
ഇങ്ങനെയായിരിക്കണം ജനാധിപത്യം. തിരഞ്ഞെടുപ്പുകളിൽ അവരവരുടെ ആശയങ്ങൾക്കുവേണ്ടി ആവേശത്തോടെ പോരാടാം, വാദഗതികളിൽ ഏർപ്പെടാം. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ, ഇരുകൂട്ടരും രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പ്രതിജ്ഞാബദ്ധതയോടെ പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിൽ ഇത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു – ഇക്കാര്യത്തിൽ എന്റെ പങ്ക് നിർവഹിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
അടുത്തിടെയായി പ്രധാനമന്ത്രിയെ പുകഴ്ത്തിയും കോൺഗ്രസ് നേതൃത്വത്തെ കടുത്തഭാഷയിൽ വിമർശിച്ചുമുള്ള ശശി തരൂരിന്‍റെ ലേഖനങ്ങൾ പരക്കെ ചർച്ചയായിരുന്നു. തരൂരിനെതിരെ കോൺഗ്രസിലെ ചില നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് ട്രംപ്-മംദാനി കൂടിക്കാഴ്ച പരാമർശിച്ചുള്ള തരൂരിന്‍റെ എക്സ് പോസ്റ്റ് വന്നത്.
മേയർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മംദാനിയെ ജയിപ്പിച്ചാൽ, ന്യൂയോർക്കിനുള്ള ഫണ്ട് തടഞ്ഞുവെക്കുമെന്ന് ട്രംപ് പറഞ്ഞതും, അതിന് മംദാനി നൽകിയ മറുപടിയുമൊക്കെ വലിയ ചർച്ചാ വിഷയമായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രൂക്ഷമായ വാക്ക്പോര് നടത്തിയ ട്രംപും മംദാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് പരാമർശിച്ചായിരുന്നു തരൂരിന്‍റെ പോസ്റ്റ്. താൻ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നതിൽ രാജ്യതാൽപര്യം കൂടിയുണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ ഓർമിപ്പിക്കുകയാണ് എക്സ് പോസ്റ്റിലൂടെ തരൂരിന്‍റെ ഉദ്ദേശം. എന്നാൽ പ്രധാനമന്ത്രി ഇവിടുത്തെ കേന്ദ്ര-സംസ്ഥാന ബന്ധത്തിന്‍റെ പ്രാധാന്യം മനസിലാക്കണമെന്ന് ശശി തരൂരിനെ ഓർമിപ്പിക്കുകയാണ് ഡോ. ജോൺ ബ്രിട്ടാസ് എം.പി ചെയ്തത്.
.jpg)




إرسال تعليق