വിനോദസഞ്ചാരികള്‍ കുടുങ്ങിയ സ്‌കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഇല്ല; റിപ്പോര്‍ട്ട് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍


ഇടുക്കി ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സ്‌കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയതിനാല്‍ ആനച്ചാലിലെ സ്‌കൈ ഡൈനിങ്ങിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. സ്‌കൈ ഡൈനിങ് എന്നത് പുതിയ സാഹസിക വിനോദ ഉപാധിയാണ്. നിലവില്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടില്ല. പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കേണ്ടത് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ്. നിലവില്‍ മാനദണ്ഡങ്ങളില്ലാത്തതിനാല്‍ അനുമതി നല്‍കുകയും സാധ്യമല്ല. സാഹസിക വിനോദങ്ങളുടെ പട്ടികയില്‍ സ്‌കൈ ഡൈനിംഗ് ഉള്‍പ്പെട്ടിട്ടുമില്ല. ഇതുള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സതേണ്‍ സ്‌കൈസ് ഏറോ ഡൈനാമിക്‌സ് എന്ന സ്ഥാപനം സ്‌കൈ ഡൈനിങ് നടത്തിയിരുന്നത് അനധികൃതമായിട്ടായിരുന്നു എന്നത് വ്യക്തം. നിലവില്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി തയ്യാറാക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ലൈസന്‍സ് കരസ്ഥമാക്കിയതിനുശേഷം മാത്രമേ ആനച്ചാലിലെ സ്‌കൈ ഡൈനിങ് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂ. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്ന നടപടികള്‍ ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.



Post a Comment

أحدث أقدم

AD01