‘ചരിത്രം പാടെ മറന്നുകൊണ്ട് സി കെ ജാനു സ്വീകരിക്കുന്നത് അവസരവാദ നിലപാട്’: യുഡിഎഫ് പ്രവേശനത്തിനെതിരെ വിമർശനം


യുഡിഎഫിൽ ചേരാനുളള സി.കെ ജാനുവിൻ്റെ തീരുമാനത്തിനെതിരെ വിമർശനം. 2003ൽ മുത്തങ്ങയിൽ ആദിവാസികൾക്ക് നേരെ നരനായാട്ട് നടത്തിയത് യുഡിഎഫ് സർക്കാറായിരുന്നു. ആ സമരത്തിന് നേതൃത്വം നൽകിയ ജാനുവാണ് അവസരവാദ നിലപാടുമായി ഇപ്പോൾ യുഡിഎഫിൻ്റെ കൂടെ ചേരുന്നത്. സി കെ ജാനുവിൻ്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ജാനുവിൻ്റെ കൂടെയുളളവർ ഉൾപ്പെടെയാണ് ഇപ്പോള്‍ വിമർശനം ഉന്നയിക്കുന്നത്. 2003ൽ എ കെ ആൻ്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുത്തങ്ങയിൽ ആദിവാസി വേട്ട നടക്കുന്നത്. ഭൂമിക്കു വേണ്ടി സമരം ചെയ്ത പാവപ്പെട്ട ആദിവാസികൾക്ക് നേരേ സമാനതകളില്ലാത്ത നരനായാട്ടായിരുന്നു എ കെ ആൻ്റണിയുടെ പൊലീസ് നടത്തിയത്. പൊലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് മാസങ്ങളോളം പൊലീസ് അതിക്രമം തുടർന്നു. പൊലീസ് വേട്ടയ്ക്കെതിരെ സിപിഐഎം സംസ്ഥാനമെമ്പാടും വലിയ പ്രതിഷേധം ഉയർത്തിക്കൊണ്ടു വന്നു. ഇതിന് ശേഷമായിരുന്നു പൊലീസ് അതിക്രമം അവസാനിപ്പിച്ചത്. അന്ന് മന്ത്രിയായിരുന്ന കോൺഗ്രസിലെ നേതാവ് കെ സുധാകരൻ പൊലീസ് അതിക്രമത്തെ ന്യായീകരിച്ചിരുന്നു. സി കെ ജാനുവിൻ്റെയും ഗീതാനന്ദൻ്റെയും നേതൃത്വത്തിലായിരുന്നു മുത്തങ്ങയിൽ സമരം നടന്നത്. പിന്നീട് സി കെ ജാനു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. NDAയുടെ ഭാഗമായി. NDAയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയർത്തി മുന്നണി വിട്ടു. പിന്നീടാണ് യുഡിഎഫിൽ ചേരാൻ തീരുമാനിച്ചത്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് യുഡിഎഫ് ആണെന്നാണ് സി.കെ ജാനുവിൻ്റെ വാദം. എന്നാൽ ആദിവാസികളെ മൃഗീയമായി അക്രമിച്ച UDF സർക്കാറിൻ്റെ ചെയ്തികളെ പറ്റി ജാനു മിണ്ടുന്നില്ല. അന്ന് സമരരംഗത്തുണ്ടായിരുന്ന ഭൂരിഭാഗം പേരും ജാനുവിൻ്റെ തീരുമാനത്തിന് എതിരാണ്. ചരിത്രം പാടെ മറന്നുകൊണ്ട് അവസരവാദ നിലപാടാണ് ജാനു സ്വീകരിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.



Post a Comment

أحدث أقدم

AD01