ഭക്ഷണത്തിന്റെ നിറങ്ങൾക്കും ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പങ്കുണ്ട്; ഇതാണ് റെയിൻബോ ഡയറ്റ്


നിറവും ഭംഗിയും കണ്ട് ഭക്ഷണ സാധനങ്ങൾ നിങ്ങൾ വാങ്ങി കഴിക്കാറുണ്ടോ. എന്നാൽ ഭക്ഷണത്തിന്റെ പോഷക ഗുണങ്ങൾ നിറങ്ങളിലും ഉൾപ്പെടുന്നുണ്ട്. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി ഓരോന്നിനും വ്യത്യസ്തമായ നിറവും രുചിയുമാണ് ഉള്ളത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് റെയിൻബോ ഡയറ്റ് ശീലിക്കാം.

ചുവപ്പ് നിറമുള്ള ഭക്ഷണങ്ങൾ

ചുവപ്പ് നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾക്കെതിരെ പോരാടാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യം, കണ്ണുകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും ചുവന്ന ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. തക്കാളി, തണ്ണിമത്തൻ, ചുവന്ന ക്യാരറ്റ്, ചുവന്ന മുന്തിരി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

ഓറഞ്ച്, മഞ്ഞ നിറമുള്ള ഭക്ഷണങ്ങൾ

ഓറഞ്ച്, മഞ്ഞ നിറമുള്ള ഭക്ഷണങ്ങളിൽ ബീറ്റാ-ക്രിപ്‌റ്റോക്സാന്തിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും സഹായിക്കുന്നു. കൂടാതെ ഇവ കഴിക്കുന്നത് ചർമ്മാരോഗ്യവും കണ്ണുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. മാങ്ങ, പപ്പായ, മത്തങ്ങ, മഞ്ഞ ക്യാപ്‌സിക്കം എന്നിവ ദിവസവും കഴിക്കാം.

പച്ച നിറമുള്ള ഭക്ഷണങ്ങൾ

പച്ച നിറമുള്ള ഭക്ഷണങ്ങളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി കുറയുന്നതിനെ തടയാനും ക്യാൻസർ സാധ്യത കുറയ്ക്കാനും ഇവ കഴിക്കുന്നത് നല്ലതാണ്. കൂടാതെ രക്തസമ്മർദ്ദവും ചീത്ത കൊളസ്റ്ററോളും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ചീര, ബ്രൊക്കോളി, മുരിങ്ങ, ക്യാബേജ് എന്നിവ ദിവസവും കഴിക്കാവുന്നതാണ്.

നീല, പർപ്പിൾ നിറമുള്ള ഭക്ഷണങ്ങൾ

നീലയും പർപ്പിളും നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്ലൂബെറി, ബ്ലാക്ക്ബെറി, പർപ്പിൾ ക്യാബേജ്, പ്ലംസ്, അത്തിപ്പഴം എന്നിവ കഴിക്കാം.

വെള്ള, ബ്രൗൺ നിറമുള്ള ഭക്ഷണങ്ങൾ

ഇത്തരം നിറങ്ങൾ അടങ്ങിയ ഭക്ഷണങ്ങളിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കൊളസ്റ്ററോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇഞ്ചി, വെളുത്തുള്ളി, കോളിഫ്ലവർ, മഷ്‌റൂം, റാഡിഷ് എന്നിവ ദിവസവും കഴിക്കാം.

ശ്രദ്ധിക്കാം

ദിവസവും ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. കലോറിക്കപ്പുറം നിറങ്ങൾ നോക്കി ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാം. അതേസമയം ഫ്രഷായ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.




Post a Comment

أحدث أقدم

AD01