കേരളക്കരയെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസ് നിയമവഴിയിലേക്ക് എത്തിയതിൽ നിർണായകമായത് തൃക്കാക്കര മുൻ എംഎൽഎ പിടി തോമസിന്റെ ഇടപെടലാണ്. സിനിമാ മേഖലയിലെ ഒരു സംഭവം എന്ന നിലയിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ക്രൂര കുറ്റകൃത്യം നടന്ന രാത്രി അപ്രതീക്ഷിതമായെത്തിയ പിടി തോമസിന്റെ ഇടപെടൽ പ്രതികളുടെ കണക്കുകൂട്ടലും തെറ്റിച്ചു. അർബുദത്തോട് പോരാടുമ്പോഴും അണുവിട കുലുങ്ങാതെയാണ് നീതിക്കായി പിടി തോമസ് നിലകൊണ്ടത്. നടി ആക്രമിക്കപ്പെട്ട അതേ രാത്രിയിൽ പിടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ ഉണ്ടായിരുന്നിലെങ്കിൽ കേസിന്റെ അന്വേഷണവും ഭാവിയും മറ്റൊന്നാകുമായിരുന്നു. പൊതുപരിപാടി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയ പി ടി തോമസിന് രാത്രി പതിനൊന്നരയോടെയാണ് ഫോണിൽ ആ വിളി എത്തുന്നത്. മറുതലയ്ക്കൽ നിർമ്മാതാവ് ആന്റോ ജോസഫ് . ഫോണെടുത്തതും പിടി തോമസ് മരവിപ്പോടെ ആ സംഭാഷണം കേട്ടു. ഭാര്യ ഉമാ തോമസിനോട് പോലും ഒന്നും പറയാതെ നേരെ പടമുകളിലെ ലാലിന്റെ വീട്ടിലേക്കെത്തി.അതിക്രമത്തിന് പിന്നാലെ നടിയെ കണ്ട ആദ്യത്തെ ആളുകളില്‍ ഒരാളായിരുന്നു പിടി തോമസ്. കേസിൽ പിന്നീട് അങ്ങോട്ട് നടന്നത് നിർണായക മണിക്കൂറുകളാണ്. വീട്ടിലെത്തിയ പിടിയോട് ലാൽ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ നടിയുടെ ഡ്രൈവറുടെ നീക്കങ്ങളിലും പി ടി സംശയമുയർത്തി. ഇത് അന്വേഷണത്തിലും യാഥാർത്ഥ്യമാണെന്ന് തെളിഞ്ഞു. സ്വന്തം മകൾക്ക് സംഭവിച്ച വേദനയോടെയാണ് പിടി ലാലിന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയത് അന്വേഷണ ഘട്ടത്തിൽ പലരും മൊഴി മാറ്റിയപ്പോൾ പിടി തോമസ് നടിക്കായി നിലകൊണ്ടു . സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ല. നിലപാടിൽ ഉറച്ചു നിന്നു . കേസ് അന്വേഷണം എപ്പോഴൊക്കെയോ വഴിതെറ്റുന്നുവെന്ന് തോന്നിയപ്പോൾ നിരാഹാരത്തിന്റെ പാതയിലും പിടി തോമസ് എത്തി. അന്വേഷണത്തിൽ പൊലീസിന്റെ അലംഭാവത്തെ പിടി പലതവണ തുറന്നടിച്ചു. എന്നാൽ നീതിക്കായി പോരാടിയ കേസിന്റെ വിധി അറിയാൻ പിടി തോമസ് ഇന്നില്ല. അർബുദരോഗം ബാധിച്ച് പിടി വിടവാങ്ങിയെങ്കിലും സിനിമ മേഖലയിലെ ശുദ്ധീകരണത്തിന് വഴിവച്ച സംഭവത്തിന് പിടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഇടപെടലിന് കാലവും ചരിത്രവും സാക്ഷിയാണ്.
.jpg)




إرسال تعليق