ഭൂമി തർക്കം: ഭോപ്പാലിൽ പത്തു വയസ്സുകാരനായ മകന്റെ മുന്നിൽ വച്ച് കർഷകനെ തലയറുത്തു കൊന്നു


ഭോപ്പാൽ: മധ്യപ്രദേശിലെ ഹർദ ജില്ലയിൽ 10 വയസ്സുകാരനായ മകന്റെ മുന്നിൽ വച്ച് കർഷകനെ മൃഗീയമായി തലയറുത്ത് കൊലപ്പെടുത്തി. വർഷങ്ങളായി നിലനിന്നിരുന്ന ഭൂമി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഞായറാഴ്ച്ച നടന്ന സംഭവത്തിൽ മരിച്ച ശിവനാരായൺ ചൗഹാന്റെ( 45) ഭാര്യയ്ക്കും ഗുരുതര പരുക്കുകളേറ്റു.

പ്രതികൾക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ലോണി വില്ലേജിലെ ജില്ലാ ആശുപത്രിയിൽ ശിവനാരായൺ ചൗഹാന്റെ ബന്ധുക്കൾ സമരം നടത്തി. കുറ്റക്കാരായ 3 പേരെയും ചെവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. കൃഷിഭൂമിയിൽ പൂജ നടത്തിയ ശേഷം 5 മണിയോടടുത്ത് ഭാര്യ രാധാഭായിയോടൊപ്പം തിരികെ വീട്ടിലേയ്ക്ക് വരുകയായിരുന്ന ശിവനാരായണനെ അക്രമികൾ തടഞ്ഞു നിർത്തി കോടാലി കൊണ്ട് തലയറുക്കുകയായിരുന്നു. അക്രമം തടയുന്നതിനിടയ്ക്ക് ശിവനാരായണന്റെ മകന്റെ വിരൽ നഷ്ടപ്പെട്ടു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവനാരായണന്റെ മരണം ഡോക്ടർ അപ്പോൾ തന്നെ സ്ഥിരീകരിച്ചു.

പൊലീസിന്റെ റിപ്പോർട്ട് പ്രകാരം, അയൽക്കാരായ കരൺ സിങ്, മകൻ രാഹുൽ മരുമകൾ മനീഷ എന്നിവർ അരിവാളും കോടാലിയുമുപയോഗിച്ച് ശിവനാരായണനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ ഗ്രാമവാസികൾ പൊലീസിന്റെ അനാസ്ഥ ആരോപിച്ച് ബഹളം വച്ചു. 2020 മുതൽ തുടങ്ങിയ ഭൂമി തർക്കത്തിൽ ആവർത്തിച്ചുള്ള പരാതികളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ടരീതിയിൽ നടപടി എടുക്കാത്തതാണ് കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നും അവർ ആരോപിച്ചു.

എസ് ഡി ഒ പി ശാലിനി പാർസ്‌തെ, എസ് ഡി എം അശോക് ദെഹാരിയ എന്നീ മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പു നൽകിയ ശേഷമാണ് ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ തയ്യാറായത്. 3 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എ എസ് പി അമിത് കുമാർ മിശ്ര സ്ഥിരീകരിച്ചു.



Post a Comment

Previous Post Next Post

AD01