സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ എം സുധാകരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തൊഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ എം സുധാകരൻ എന്നും എണ്ണിയാലൊടുങ്ങാത്ത സമരങ്ങളുടെ അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചെറുപ്രായത്തിലേ ചെത്തുതൊഴിലാളിയായ കെഎംഎസ്, തൊഴിലാളികളെ ചേർത്തുപിടിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതിയ പോരാളിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
1954ലെ ട്രാൻസ്‌പോർട്ട് സമരത്തിന് നേതൃത്വം നൽകുമ്പോൾ അദ്ദേഹത്തിന് പ്രായം കേവലം 18 മാത്രമായിരുന്നു. പൊലീസിന്റെ ക്രൂരമർദനത്തിനും സഖാവിനുള്ളിലെ പോരാളിയെ തളർത്താനായില്ല. കുടികിടപ്പുസമരം, ചെത്തുതൊഴിലാളി പണിമുടക്ക് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമരങ്ങളുടെ മുൻനിര പോരാളിയായി കെഎംഎസ് മാറി, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തന്റെ ജീവിതമാകെ തൊഴിലാളികളെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനായി അദ്ദേഹം ഉഴിഞ്ഞുവെച്ചു. 1953ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം 1964ൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു സംസ്ഥാന ട്രഷറർ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകളെല്ലാം വഹിച്ചു.
അടിയന്തരാവസ്ഥയിൽ 16 മാസമാണ് അദ്ദേഹം തടവിൽ കഴിഞ്ഞത്. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചതും കെഎംഎസായിരുന്നു എന്നും വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർട്ടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
.jpg)


إرسال تعليق