കോൺഗ്രസ് – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ രൂക്ഷവിമർശനവുമായി ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ. രാജ്യത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരിവരിയായി പോയ നേതാക്കന്മാരുടെ പേരുകൾ എഴുതി തീർക്കണമെങ്കിൽ നിരവധി പേപ്പറുകൾ വേണ്ടി വരമെന്ന് മന്ത്രി പരിഹസിച്ചു. കോൺഗ്രസിനെ പൂർണമായോ ഭാഗികമായോ വിലയ്ക്കെടുത്താണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വളർന്നിട്ടുള്ളതെന്നും കേരളത്തിലും ബിജെപി സ്വീകരിച്ചിട്ടുള്ള തന്ത്രമതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു മന്ത്രിയുടെ വിമർശനം.
ഇന്നത്തെ ബിജെപി നേതാക്കന്മാരിൽ ഭൂരിപക്ഷവും പഴയ കോൺഗ്രസ് നേതാക്കന്മാരാണ്. മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പിസിസി പ്രസിഡന്റുമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങി ആയിരക്കണക്കിന് പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ ചുരുങ്ങിയ കാലം കൊണ്ട് ബിജെപിയുടെ ഭാഗമായി മാറി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ, മുൻ പി എസ് സി ചെയർമാൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, നിരവധി ദേശീയ- സംസ്ഥാന സംസ്ഥാന നേതാക്കന്മാർ തുടങ്ങിയവരെ ഇതിനകം തന്നെ ബിജെപി കൂറുമാറ്റിക്കഴിഞ്ഞു.
അരുണാചൽ പ്രദേശിലും ഗോവയിലും മറ്റും ചെയ്തതുപോലെ കോൺഗ്രസിനെ അപ്പാടെ വിലകൊടുത്തു വാങ്ങുക എന്ന തന്ത്രമാണ് ഇപ്പോൾ ബിജെപി കേരളത്തിൽ പരീക്ഷിക്കാൻ തുടങ്ങുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസായി വിജയിച്ചു വരുന്നവരെ പൂർണമായി വിലയ്ക്കെടുത്ത് ബിജെപിയാക്കി മാറ്റുക എന്നതാണ് അവരുടെ നയം. തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത് അതാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കന്മാരുടെ കാർമികത്വത്തിലാണ് ഒരു പഞ്ചായത്തിലെ മുഴുവൻ കോൺഗ്രസ് ജനപ്രതിനിധികളും ഒറ്റരാത്രികൊണ്ട് ബിജെപി ആയത്.
ബിജെപിക്ക് ഭരണം നേടാൻ ബിജെപി തന്നെ ജയിക്കേണ്ടതില്ല കോൺഗ്രസ് ജയിച്ചാലും മതി എന്ന കൃത്യമായ പദ്ധതിയാണ് നടപ്പിലാകുന്നത്. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ ബിജെപി തയ്യാറെടുക്കുകയാണ്. ഈ രാഷ്ട്രീയ അധാർമികതയെ കേരളം കരുതിയിരിക്കണമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
.jpg)


إرسال تعليق