തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടപ്പെട്ടതിൽ സിപിഐഎമ്മിൽ കലഹം. 14 വാർഡുകളിൽ സംഘടനാപരമായി ഗുരുതര വീഴ്ച്ചയുണ്ടായി എന്നാണ് ജില്ലാ കമ്മിറ്റിയിലുണ്ടായ വിമർശനം. മേയറായിരുന്ന ആര്യാ രാജേന്ദ്രൻ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോൾ പാർട്ടിക്ക് പ്രഭാവം നഷ്ടപ്പെട്ടെന്ന് നേതാക്കൾ വിമർശിച്ചു. കടകംപള്ളി സുരേന്ദ്രനും വി ശിവൻകുട്ടിയും വി കെ പ്രശാന്തും തിരുവനന്തപുരത്തെ കാര്യങ്ങൾ നോക്കിയെന്നും പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിൽ ജില്ലാ സെക്രട്ടറിയ്ക്ക് വീഴ്ച്ചയുണ്ടായെന്നും വിമർശനം. ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സിപിഐഎം നേതാവ് എ പത്മകുമാറിനെതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത് എന്ന് അംഗങ്ങൾ ചോദിച്ചപ്പോൾ കുറ്റക്കാരനാണെന്ന് തെളിയാതെ നടപടി എടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വീകരിച്ചത്.
ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കൾക്കെതിരെ വിമർശനമുയർന്നത്. ആര്യാ രാജേന്ദ്രനെതിരെ മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വി കെ പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ മധുവും ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദറും എസ് പി ദീപക്കും രൂക്ഷവിമർശനം ഉന്നയിച്ചു. സ്വന്തം പ്രതിച്ഛായ ഉയർത്താൻ മാത്രമാണ് ആര്യ ശ്രദ്ധിച്ചത്, ഭരണം ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഭരണം നഷ്ടപ്പെട്ടു എന്നായിരുന്നു വിമർശനം. തിരുവനന്തപുരം ജില്ലയ്ക്ക് മൂന്ന് ജില്ലാ സെക്രട്ടറിമാരുണ്ടെന്നും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറി വി ജോയ് ആണെങ്കിലും വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും ജില്ലാ സെക്രട്ടറിയുടെ റോളിലാണ് പ്രവർത്തിക്കുന്നത്. അവരുടെ പിടിവാശിയാണ് പല വാർഡുകളിലും പരാജയപ്പെടാൻ കാരണം എന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ തുറന്നടിച്ചത്. തെരഞ്ഞെടുപ്പ് ജയിക്കുംമുൻപേ മേയറാകുമെന്ന പ്രചാരണം നടത്തിയതിന് എസ് പി ദീപക്കിനെതിരെ ശിവൻകുട്ടിയും വിമർശനമുന്നയിച്ചു.100 വോട്ടിന് കൈവിട്ട മണ്ഡലങ്ങളിൽ പ്രത്യേക പരിശോധന വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ജില്ലാ കമ്മിറ്റി റിപ്പോർട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി പരിഗണിക്കും. അതിനുശേഷം വീണ്ടും ജില്ലാ കമ്മിറ്റി ചേരും. തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ ആഭ്യന്തരകലഹങ്ങൾ കൂടിയുണ്ടാവുകയാണ്.
.jpg)



إرسال تعليق