ഭുവനേശ്വറിൽ 63-ാമത് ദേശീയ അയോട്ട കോൺഫറൻസിന് (ഒട്ടിക്കോൺ -2026) തുടക്കമായി

 


ഭുവനേശ്വർ, ജനുവരി 12: മാറിവരുന്ന കാലഘട്ടത്തിലെ ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതിൽ ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റുകളുടെ പങ്ക് നിർണായകമാണെന്ന് ഒഡീഷ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മുകേഷ് മഹാലിംഗ്. ഭുവനേശ്വറിൽ ആരംഭിച്ച ഓൾ ഇന്ത്യ ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ (അയോട്ട) 63-ാമത് ദേശീയ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് നിയമത്തിലൂടെ കേന്ദ്ര സർക്കാർ ഈ മേഖലയുടെ പ്രാധാന്യം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. "ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഉൾപ്പെടുന്ന പ്രത്യേക കാഡർ റൂൾ രൂപീകരിക്കുന്നതിന് ഒഡീഷ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും. അലൈഡ് ഹെൽത്ത്‌കെയർ മേഖലയിലെ വിദ്യാഭ്യാസ നിലവാരവും സേവന മികവും ഉറപ്പാക്കുകയാണ് ലക്ഷ്യം. പരിശീലനം സിദ്ധിച്ച തെറാപ്പിസ്റ്റുകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യവും സാങ്കേതികവിദ്യയും കൈകോർക്കുന്നു എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്. സാംസ്കാരിക മൂല്യങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് ആരോഗ്യപരിചരണവും പുനരധിവാസവും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എസ്ഒഎ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ഈ ത്രിദിന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500-ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ലോക്‌സഭാംഗം ഡോ. ബിഭു പ്രസാദ് തരായ് ഒക്ക്യുപേഷണൽ തെറാപ്പിയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. "പരിമിതികളുള്ള വ്യക്തികൾക്ക് അന്തസ്സോടെയും സ്വതന്ത്രമായും ഉൽപ്പാദനക്ഷമമായും ജീവിക്കാൻ പ്രാപ്തരാക്കുന്ന പുനരധിവാസ പ്രക്രിയയുടെ ഹൃദയമാണ് ഒക്ക്യുപേഷണൽ തെറാപ്പി. എന്നാൽ സമൂഹത്തിൽ ഈ മേഖലയ്ക്ക് അർഹമായ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും സേവന വിതരണവും തമ്മിലുള്ള അന്തരം ഇല്ലാതാക്കണമെന്നും" അദ്ദേഹം പറഞ്ഞു. സത്യസന്ധവും ഉൾക്കൊള്ളുന്നതുമായ ഒരു ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിന് എല്ലാ തലങ്ങളിലും ഒക്ക്യുപേഷണൽ തെറാപ്പിക്ക് മുൻഗണന നൽകണമെന്ന് അയോട്ട സെക്രട്ടറി ഡോ. ജോസഫ് സണ്ണി ആവശ്യപ്പെട്ടു. ഇത് വൈകല്യ സേവനങ്ങളെയും കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമുകളെയും കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഒഎ വൈസ് ചാൻസലർ പ്രൊഫ. പ്രദീപ്ത കുമാർ നന്ദ, അയോട്ട പ്രസിഡന്റ് ഡോ. പങ്കജ് ബജ്പായ്, ഒക്ക്യുപേഷണൽ തെറാപ്പി പ്രൊഫഷണൽ കൗൺസിൽ പ്രസിഡന്റ് ആൻഡ് ഡയറക്ടർ ഓഫ് നാഷണക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് റീഹാബിലിറ്റേഷൻ , സീഹോർ ഡോ. അഖിലേഷ് കുമാർ ശുക്ല, അയോട്ട സെക്രട്ടറി ഡോ. ജോസഫ് സണ്ണി, സയന്റിഫിക് ചെയർപേഴ്സൺ ഡോ. പ്രജ്ഞാൻ സിംഗ്, സ്വാമി വിവേകാനന്ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച്, ഡയറക്ടർ ഡോ. പടിത പബൻ മൊഹന്തി, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനുരൂപ സെനാപതി തുടങ്ങിയ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.വിദഗ്ധർ നയിക്കുന്ന ശാസ്ത്രീയ സെഷനുകൾ, പാനൽ ചർച്ചകൾ, ഗവേഷണ പ്രബന്ധ അവതരണങ്ങൾ, നവീന ഉപകരണങ്ങളുടെ പ്രദർശനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഒഡീഷ ബ്രാഞ്ച് ഓഫ് അയോട്ട, സ്വാമി വിവേകാനന്ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച്, ഒലാത്പൂർ എന്നിവയുടെ സഹകരണത്തോടെയാണ് ഒട്ടിക്കോൺ -2026 സംഘടിപ്പിക്കുന്നത്



Post a Comment

أحدث أقدم

AD01