വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള നടപടിയിൽ അസ്വാഭാവികവും ദുരൂഹവുമായ ഇടപെടൽ സംശയിക്കുന്നതായി സിപിഎ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌


കണ്ണൂർ :വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള നടപടിയിൽ അസ്വാഭാവികവും ദുരൂഹവുമായ ഇടപെടൽ സംശയിക്കുന്നതായി സിപിഎ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടുചേർക്കുന്ന രജിസ്‌റ്റേഡ്‌ മൊബൈൽ നമ്പറിൽ, ഉടമ അറിയാതെ ഇതര സംസ്ഥാനങ്ങളിലെ വോട്ടർമാർ അടക്കം വോട്ടുചേർത്തതായി മനസ്സിലായെന്ന്‌ തെളിവു സഹിതം കെ കെ രാഗേഷ്‌ ചൂണ്ടിക്കാട്ടി.  തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 204, 207 ബൂത്തിൽ എൽഡിഎഫ്‌ പ്രവർത്തകർ സ്വന്തം മൊബൈൽ ഫോണിൽ ഓടിപി നൽകി ചേർത്ത വോട്ട്‌ വെരിഫൈ ചെയ്‌ത ഘട്ടത്തിൽ അവർ ചേർക്കാത്ത മൂന്നുവോട്ട്‌ ചേർത്തതായി കണ്ടെത്തി. ഒരു നമ്പറിൽ ആറുവോട്ടുകൾ വരെ ചേർക്കാം. ഇത്തരത്തിൽ രണ്ടു ഫോൺ നമ്പറിലാണ്‌ മൂന്നു ഇതര സംസ്ഥാന വോട്ടുകൾ കടന്നുകൂടിയതായി സ്‌റ്റാറ്റസിൽ കണ്ടത്‌. ഫോം എട്ടുവഴി ചേർത്ത വോട്ടുകളാണിത്‌. കംലാലാനി ജെന ഒഡിഷ, പിങ്കി കുമാരി ബിഹാർ ബഗുസരായി, കെ വാസന്തി തമിഴ്‌ നാട്‌ മാടാവരം എന്നീ വോട്ടുകളാണ്‌ അനധികൃതമായി കടന്നുകയറിയത്‌. 



 ജില്ലയിൽ ഇപ്പോൾ 2,19,239 പുതിയ വോട്ട്‌ അപേക്ഷ വന്നിട്ടുണ്ട്‌. ഇത്തരത്തിൽ കൂട്ടത്തോടെ വോട്ടർ അപേക്ഷ ഉയരേണ്ടുന്ന സാഹചര്യമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നുവർഷം പിന്നിട്ടപ്പോഴാണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വന്നത്‌. അപ്പോൾ ജില്ലയിൽ മൊത്തം 90,083 വോട്ടുകൾ മാത്രമാണ്‌ കൂടിയത്‌. എന്നാൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഒന്നരവർഷം കഴിയുന്പോഴേക്കും ജില്ലയിൽ 2.19 ലക്ഷം പുതിയ വോട്ടർ അപേക്ഷ ദുരൂഹമാണ്‌. ഇതിൽ 99,790 വോട്ട്‌ കൂട്ടിചേർത്തുകഴിഞ്ഞു. 

ഗ‍ൗരവമായ അന്വേഷണം വേണം  

അസാധാരണമായ വോട്ടുചേർക്കൽ നടപടികളിൽ കലക്ടർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. വെരിഫിക്കേഷൻ നടത്തേണ്ട ബൂത്തു ലെവൽ ഓഫീസർമാർക്ക്‌ (ബിഎൽഒ) ഇക്കാര്യത്തിൽ വ്യക്തതയില്ല. വോട്ടർ അപേക്ഷയിൽ ബിഎൽഒ തെളിവെടുക്കുന്ന സമയം രാഷ്ട്രീയ പാർടികളുടെ ഏജന്റുമാർക്ക്‌ (ബിഎൽഎ) വിവരം കൈമാറണം. അപ്പോഴാണ്‌ ബിഎൽഎമാർ വോട്ടറാണോ അല്ലയോ എന്നതുസംബന്ധിച്ച്‌ ഒബ്‌ജക്‌ഷൻ വരുന്നത്‌. എന്നാൽ ബിഎൽഎമാർ പ്രാദേശികമായ പരിശോധന നടത്തുേമ്പോൾ ഇത്രയധികം വോട്ട്‌ അപേക്ഷ വന്നതായി കാണുന്നില്ല. നിസാര വോട്ടാണ്‌ അപേക്ഷയായി വന്നത്‌ എന്നാണ്‌ ബിഎൽഒമാരും പറയുന്നത്‌. ഇവരാരും അറിയാതെ കൂട്ടത്തോടെ അപേക്ഷ വരികയാണ്‌. മൊബൈൽ ഫോണിൽ ഓടിപി വഴിയാണ്‌ വോട്ടുചേർക്കുന്നത്‌. സാധാരണ ഗതിയിൽ ഇതിൽ കൃത്രിമം നടക്കണമെങ്കിൽ സെർവർ കൈകാര്യം ചെയ്യുന്നവർ ഇടപെടണം. തെരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌ സെർവർ കൈകാര്യം ചെയ്യുന്ന്‌. അവർ കൃത്രിമം കാട്ടിയെന്ന്‌ ഇ‍ൗ ഘട്ടത്തിൽ ആക്ഷേപം ഉന്നയിക്കുന്നില്ല. ഇക്കാര്യത്തിൽ ഞങ്ങൾക്ക്‌ ചില സൂചനകളുണ്ട്‌. അതിപ്പോൾ വെളിപ്പെടുത്തുന്നില്ല.  ഇടതുപക്ഷം ശക്തമായി മത്സരം നടത്തുന്ന മണ്ഡലങ്ങളിലാണ്‌ കൂടുതൽ വോട്ട്‌ ചേർക്കാൻ ശ്രമിച്ചത്‌. അസാധാരണമായ ഇ‍ൗ ഇടപെടൽ ജില്ലാ, സംസ്ഥാന തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർമാർ പരിശോധിക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നോ മറ്റു സ്ഥലങ്ങളിൽ നിന്നോ ആൾക്കാരെ കൊണ്ടുവന്ന്‌ കൂട്ടത്തോടെ വോട്ടുചേർക്കാനുള്ള ശ്രമമാണോ നടന്നത്‌ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണമെന്ന്‌ കെ കെ രാഗേഷ്‌ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01