ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി



കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം പൂർത്തിയായി. സംസ്ഥാനത്തെ 40 വിദ്യാഭ്യാസ ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന മത്സരത്തിൽ 12,992 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ മേൽനോട്ടത്തിലായിരുന്നു മത്സരങ്ങൾ നടന്നത്. രാവിലെ 9 ന് എല്ലാ കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ ആരംഭിച്ചു 10:30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ മൊബൈലിൽ ലഭിച്ച ഒ ടി പി ഉപയോഗിച്ച് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് 11 ന് ക്വിസ് മത്സരങ്ങൾ സംസ്ഥാന വ്യാപകമായി നടന്നു. വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. ജില്ലാതല ക്വിസ് മത്സരങ്ങൾ ജനുവരി 28ന് തുടങ്ങും. ജില്ലകളിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വച്ച് സ്‌പെഷ്യൽ ക്വിസ് മെഗാ ഷോകളായാണ് സ്കൂൾ, കോളേജ്തല മത്സരങ്ങൾ നടക്കുക. തുടർന്ന് ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ തിരുവനന്തപുരത്ത് നടക്കും. ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് സ്‌കൂൾ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തി സുതാര്യമായ രീതിയിൽ ക്വിസ് മത്സരം നടത്തുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സി-ഡിറ്റ് ആണ് സാങ്കേതിക സഹായം ഒരുക്കുന്നത്.

Post a Comment

أحدث أقدم

AD01