ശബരിമല സ്വർണ മോഷണക്കേസ്: ‘അന്വേഷണം തൃപ്തികരമെന്നുള്ള ഹൈക്കോടതി പരാമര്‍ശം മാധ്യമങ്ങൾ നല്‍കിയില്ല’; മന്ത്രി വി എൻ വാസവൻ


ശബരിമല സ്വർണ മോഷണക്കേസില്‍ ക‍ഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ നൽകിയില്ലെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി പറഞ്ഞത് മാധ്യമങ്ങൾ നൽകാൻ തയ്യാറായില്ല. എന്നാല്‍ സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ ബാനറുകൾ കെട്ടി വാർത്ത നൽകിയേനെ എന്ന് അദ്ദേഹം വിമര്‍ശിച്ചു. ദേവസ്വം ബോർഡിൻ്റെ ദൈനംദിന കാര്യങ്ങളിലും നയങ്ങളിലും സർക്കാർ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

അതേസമയം, ഹരിവരാസനം പുരസ്കാരം നാദസ്വര വിദ്ധ്വാൻ തിരുവിഴ ജയശങ്കറിന് മകരവിളക്ക് ദിവസം രാവിലെ 10 മണിക്ക് സന്നിധാനത്ത് വെച്ച് വിതരണം ചെയ്യും. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പമ്പയിൽ അവലോകനയോഗം ചേർന്നിരുന്നു. പാർണശാല കെട്ടി താമസിക്കുന്ന തീർത്ഥാടകർ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യാൻ പാടില്ലെന്നും ദേവസ്വം ബോർഡ് ഭക്ഷണം ഇവർക്ക് എത്തിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവാഭരണ ഘോഷയാത്രയ്ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മകരവിളക്ക് ദർശിക്കുന്നതിനു വേണ്ടി വിപുലമായ ക്രമീകരണം ഭക്തർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കാനനപാതയിലൂടെ യാത്ര അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു.



Post a Comment

أحدث أقدم

AD01