കാർഷിക മേഖലയിൽ നൂതനാശയങ്ങളുമായി കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല ആത്മ പ്രൊജക്റ്റ് ഡയറക്ടർ എ. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു

 

കണ്ണൂർ: കേരളത്തിലെ കർഷകർ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ തിരിച്ചറിയുകയും അവയ്ക്ക് സാങ്കേതിക-സംരംഭക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യാനായി കണ്ണൂരിൽ നടത്തിയ കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല കർഷക സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷയേകി. ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ഹോട്ടൽ ബിനാലെയിൽ നടത്തിയ ശില്പശാലയിൽ കർഷകർ, ഗവേഷകർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധികൾ തുടങ്ങിയ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. കർഷകർ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്, അവ ഒരു ഏകീകൃത ഡിജിറ്റൽ ശേഖരത്തിൽ സൂക്ഷിക്കുവാനും, ഈ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് നിലവിലുള്ള സ്റ്റാർട്ടപ്പുകളെക്കൊണ്ട് പരിഹാരം കാണുവാനുമായിരുന്നു ശില്പശാലയുടെ പ്രധാന ലക്ഷ്യം. സംരംഭകർക്കും ഗവേഷകർക്കും അവരുടെ നൂതന ആശയങ്ങളും സാങ്കേതിക പരിഹാരങ്ങളും പൂർണ്ണതയിലെത്തിക്കുന്നതിനുള്ള അടിസ്ഥാന ഡാറ്റയായി ഭാവിയിൽ ഉപയോഗപ്പെടുന്ന തരത്തിലാണ് ഈ ശേഖരം സൂക്ഷിക്കുക. കേര പദ്ധതിയിലെ അഗ്രി ടെക് സ്റ്റാർട്ടപ്പ് വിഭാഗത്തിലൂടെയാണ് ശേഖരം തയ്യാറാക്കുക. ശില്പശാലയിൽ പങ്കെടുത്ത കർഷകർ നെല്ല്, തെങ്, വാഴ, കമുക്, സുഗന്ധ വിളകൾ, ഫലവൃക്ഷങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, കൂൺ കൃഷി, തേനീച്ച വളർത്തൽ, പുതു തലമുറ ഫലവൃക്ഷങ്ങൾ തുടങ്ങി കാർഷിക മേഖലയിൽ അവരവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, വന്യജീവി ആക്രമണം, കാർഷികോൽപ്പന്ന സംഭരണം, കാർഷിക വിളകളുടെ സംസ്കരണവും മൂല്യവർദ്ധനവും, വിപണനം, തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനം, കൃത്യത കൃഷി, യന്ത്രവൽക്കരണം, കീടരോഗ നിർണ്ണയം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ പ്രശ്നങ്ങളാണ് പ്രതിനിധികൾ പ്രധാനമായും ഉന്നയിച്ചത്. ചർച്ചയിൽ ഉയർന്നുവന്ന തിരഞ്ഞെടുത്ത പ്രശ്ന-പരിഹാരങ്ങൾക്ക് അനുയോജ്യമായ നൂതന ആശയങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് സമർപ്പിക്കാവുന്നതാണ്. മികച്ച ആശയങ്ങൾ സാങ്കേതികത്തികവോടെ യാഥാർത്ഥ്യമാക്കുന്നതിനായി കേര പദ്ധതിയിലുൾപ്പെടുത്തി കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി ഫണ്ടിംഗ് ഉറപ്പുവരുത്തും. കേര നോർത്ത് റീജ്യണൽ പ്രൊജക്ട് ഡയറക്ടർ സ്മിത ഹരിദാസിന്റെ അധ്യക്ഷതയിൽ ആത്മ പ്രോജെക്ട് ഡയറക്ടർ എ.സുരേന്ദ്രൻ ശില്പശാല ഉദ്‌ഘാടനം ചെയ്തു. എസ്.പി.എം.യു.പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി. തമ്പി കേര പദ്ധതി വിശദീകരിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ് പദ്ധതി വിശദീകരണം നടത്തി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ. മാത്യു, കേര ആർ.പി.എം.യു നോർത്ത് ഡെപ്യൂട്ടി റീജിയണൽ പ്രോജക്ട് ഡയറക്ടർ ഷീന, പ്രൊജക്റ്റ് മാനേജർ ആദർശ് .കെ. കെ. തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ പി.എം.വിഷ്ണു നാരായണൻ സ്വാഗതവും, കേര പി.ഐ.യു. പ്രോഗ്രാം മാനേജർ ബി.വിശാൽ നന്ദിയും പറഞ്ഞു.




Post a Comment

أحدث أقدم

AD01