നല്ല പഴുത്ത പപ്പായ കഴിക്കാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. സ്വാദിഷ്ടമാണെന്ന് മാത്രമല്ല ധാരാളം പോഷക ഗുണങ്ങളും പപ്പായയ്ക്കുണ്ട്. എങ്ങനെയാണ് നമ്മള്‍ പപ്പായ പൊതുവെ കഴിക്കാറ്? തൊലി കളഞ്ഞ് മുറിച്ച് അതിലെ വിത്തും കളഞ്ഞ ശേഷം കഷ്ണങ്ങളാക്കി മുറിച്ച് കഴിക്കുകയോ ജ്യൂസാക്കി കുടിക്കുകയോ ആയിരിക്കും അല്ലേ?

എന്നാൽ നമ്മള്‍ വെറുതെ കളയുന്ന ഈ പപ്പായ വിത്തിന് കാൻസറിനെ തടയാൻ കഴിയുമെന്ന തരത്തിൽ ചില റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. പപ്പായ വിത്തുകളിൽ ബയോ ആക്ടീവ് സംയുക്തങ്ങളായ ഐസോതിയോസയനേറ്റ്, ലൈകോപീൻ എന്നിവയുണ്ട്. ഇവയ്ക്ക് ചില അർബുദകോശങ്ങളുടെ വളർച്ചയെ തടയാൻ കഴിയുമെന്നാണ് ഇത്തരം റിപ്പോർട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് മനുഷ്യരിൽ പഠനമൊന്നും നടന്നിട്ടില്ല.
അതേസമയം എലികളിൽ നടത്തിയ പഠനങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിനെയും പഞ്ചസാരയെയും കുറയ്ക്കാൻ പപ്പായ വിത്തിന് കഴിയുമെന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല എന്റമീബ ഹിസ്റ്റോളിക്കയെന്ന അമീബയ്ക്ക് എതിരെ പപ്പായ വിത്തിന്റെ സത്ത് പ്രവർത്തിക്കുമെന്നും പഠനങ്ങൾ പറയുന്നു.
പപ്പായ വിത്തുകളിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടുമെന്ന് മാത്രമല്ല, ചർമത്തിനും നല്ലതാണ്. പപ്പായ വിത്തുകൾ ഉണക്കി തേനിൽ ചാലിച്ച് കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു. പ്രോട്ടീനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന പപ്പൈയ്ൻ പോലുള്ള സംയുക്തങ്ങളുമുണ്ട് പപ്പായ വിത്തിൽ. അതിനാൽ ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ശമനം നേടാനും പപ്പായ വിത്തിനാകും.
.jpg)


إرسال تعليق