മഹായുതി സഖ്യത്തിന്റെ ‘എതിരില്ലാ വിജയ’ത്തിൽ ഗുരുതര ആരോപണവുമായി പ്രതിപക്ഷം


മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് അനുകൂലമായി എതിരില്ലാ വിജയം വ്യാപകമാകുന്നു. ബിജെപി വക്താവ് കേശവ് ഉപാധ്യായെ സ്ഥിരീകരിച്ച കണക്കുകൾക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി.

മഹായുതി സഖ്യത്തിലെ 68 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായാണ് ബിജെപി വക്താവ് കേശവ് ഉപാധ്യായെ എക്‌സിലൂടെ അറിയിച്ചത്. ഇതിൽ 44 പേർ ബിജെപിയിലും 22 പേർ ശിവസേനയിലും ഉൾപ്പെടും. ഏറ്റവും കൂടുതൽ എതിരില്ലാ വിജയം ലഭിച്ചത് കെഡിഎംസി മേഖലയിൽ ആണെന്നും ഉപാധ്യായെ വ്യക്തമാക്കി. ഒറ്റയ്ക്ക് മത്സരിക്കുന്ന എൻസിപിക്ക് രണ്ട് എതിരില്ലാ വിജയം മാത്രമാണ് ലഭിച്ചത്.

എന്നാൽ ഈ പ്രവണതയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തി. പണം, ഭീഷണി, അധികാര ദുരുപയോഗം എന്നിവ ഉപയോഗിച്ചാണ് എതിരാളികളെ പിന്മാറ്റിയതെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. ജൽഗാവിൽ സ്ഥാനാർഥികളുടെ വീടുകളിലേക്ക് ഓരോ ബാഗിലും 5 കോടി രൂപ അയച്ചു എന്നായിരുന്നു റാവത്തിന്റെ ആരോപണം.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാരിന്റെ പെറ്റ് കാറ്റ് എന്നും റാവത്ത് പരിഹസിച്ചു. പിൻവലിക്കൽ സമയം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ഓഫീസുകളിൽ നിന്ന് നിർദേശം നൽകി അപേക്ഷകൾ സ്വീകരിച്ചുവെന്നും തീയതികളിൽ തിരുത്തൽ വരുത്തിയെന്നും റാവത്ത് ആരോപിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ ഫോൺ കോളുകൾ മുഴുവൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് മഹായുതി സ്ഥാനാർഥികൾക്ക് മാത്രം എതിരില്ലാ വിജയമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. മസിൽ പവറും പണവും ഉപയോഗിച്ചുവെന്നും തിരിച്ചറിയൽ ഓഫീസർമാർ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾ ഇനി ജനാധിപത്യത്തിന്റെ പരീക്ഷണഭൂമിയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.



Post a Comment

أحدث أقدم

AD01