‘ധനകാര്യ കമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ഔദാര്യമല്ല; ഭരണഘടനാപരമായുള്ള സംസ്ഥാനങ്ങളുടെ അവകാശം’: അമിത് ഷായുടെ പ്രസ്താവനയെ ഖണ്ഡിച്ച് മുഖ്യമന്ത്രി


മോദി സർക്കാരിൻ്റെ കാലത്ത് കേരളത്തിന് മുൻ കാലങ്ങളെക്കാൾ വലിയ തോതിൽ വിഹിതം നൽകി എന്ന കേന്ദ്ര ആദ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാളയം രക്ഷിസാക്ഷി മണ്ഡപത്തിൽ നടന്ന എൽഡിഎഫ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം അമിത് ഷായുടെ പരാമർശങ്ങളെ എതിർത്ത് കണക്കുകൾ നിരത്തിയത്. ധനകാര്യകമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ല; ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ കമീഷൻ്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ എന്നതാണ് നാം ഉന്നയിക്കുന്ന പ്രശ്നമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

14 -ാം കമ്മിഷൻ്റെ കാലയളവിൽ 2017-18, 2018-19 എന്നീ വർഷങ്ങളിൽ യഥാക്രമം 16,833 കോടി രൂപയും 19,038 കോടി രൂപയും 15 -ാം കമ്മിഷൻ്റെ കാലയളവിൽ 2020-21 ൽ 11,560 കോടി രൂപയുമാണ് കേരളത്തിന് ലഭ്യമായത്. 2021-22, 2022-23 എന്നീ വർഷങ്ങളിൽ 17,890 കോടി രൂപയും 18,961 കോടി രൂപയും ആണ് ലഭിച്ചത്. അതായത് മുൻ കമ്മിഷൻറെ കാലയളവിനെക്കാൾ നികുതി വിഹിതം കുറയുകയാണ് ഉണ്ടായത്. ഇത് ഒരു കാലത്തും സംഭവിച്ചിട്ടില്ലാത്ത കുറവ് വരുത്തലാണ്. ഇവിടെ മനസ്സിലാക്കേണ്ട കാര്യം, 15 -ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റിൻ്റെ പ്രധാനപങ്കും റവന്യുക്കമ്മി നികത്താനുള്ള പ്രത്യേക ധനസഹായമായ റവന്യു കമ്മി ഗ്രാൻ്റാണ് എന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

15 -ാം ധനകാര്യ കമ്മീഷനെ നിയമിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇറക്കിയ പരിഗണനാ വിഷയങ്ങളിൽ പ്രത്യേകം എടുത്തു പറഞ്ഞ ഒരു കാര്യം റവന്യുക്കമ്മി നേരിടുന്ന സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക ഗ്രാൻറ് നൽകേണ്ടതില്ല എന്നാണ്. ഇതിനെ കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും എതിർത്തു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ തികച്ചും വിവേചനപരമായ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനമുൾപ്പെടെ കേരളം വിളിച്ചു കൂട്ടി. ഒടുവിൽ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനു കമ്മീഷന് വഴങ്ങേണ്ടി വരികയായിരുന്നു. അങ്ങനെയാണ് ഈ കാലയളവിൽ റവന്യു കമ്മി ഗ്രാൻറ് കേരളത്തിന് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ റവന്യു കമ്മി ഗ്രാൻറും സംസ്ഥാനത്തിൻറെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. റവന്യു കമ്മി ഗ്രാൻറ് ഇല്ലായിരുന്നുവെങ്കിൽ സംസ്ഥാനങ്ങൾക്കു കിട്ടിയ വിഹിതത്തിൽ ഇനിയും കുറവു വരുമായിരുന്നു. റവന്യു കമ്മി ഗ്രൻറിൻറെ കാര്യത്തിൽ സംസ്ഥാനങ്ങൾ തങ്ങളുടെ ന്യായമായ അവകാശം സമ്മർദം ചെലുത്തി ചോദിച്ചു വാങ്ങിയതാണ്. ആരും ഔദാര്യമായി തന്നതല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

2014 ൽ പ്രധാനമന്ത്രിയായയുടനെ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്രമോദി പ്രധാനമന്ത്രി എന്ന നിലക്ക് ധനകാര്യ കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് നിലവിലെ നീതി ആയോഗ് സ.ഇ.ഒ ആയ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞത്.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ സ്വതന്ത്ര തീരുമാനം എടുക്കാൻ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷനുകൾ. എന്നാൽ ഈ ഭരണഘടനാ മാനദണ്ഡം ലംഘിച്ചാണ് പ്രധാനമന്ത്രി ധനകാര്യ കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയത് എന്നാണ് ഇവിടെ കാണേണ്ടത്. സംസ്ഥാനങ്ങൾക്ക് 42 ശതമാനം കേന്ദ്ര നികുതി വിഹിതം നൽകണമെന്നായിരുന്നു വൈ.വി. റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. ഇത് 33 ശതമാനമായി വെട്ടി കുറയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഇത് ഇടതുപക്ഷമോ മറ്റോ ഉന്നയിച്ച ആരോപണമല്ല. പ്രധാന മന്ത്രി മോദിയുടെ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന, ഇന്ന് നീതി ആയോഗ് സി.ഇ.ഓ ആയി തുടരുന്ന ബി.വി.ആർ സുബ്രഹ്മണ്യം വെളിപ്പെടുത്തിയതാണ്. അത് നരേന്ദ്ര മോദി ഇതുവരെ നിഷേധിക്കാൻ തയ്യാറായിട്ടുമില്ല. കണക്കുകൾ പറഞ്ഞു സംസാരിക്കുമ്പോൾ അമിത് ഷാ ഈ കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതായാലും നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് പറയുമ്പോൾ, വിദൂര ഭാവിയെക്കുറിച്ചുള്ള സ്വപ്നം അദ്ദേഹം കാണുന്നതായി കണ്ടിട്ടുണ്ട്. കേരളത്തെ ശ്വാസംമുട്ടിച്ച് നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറാണ് അദ്ദേഹവും കേന്ദ്ര സർക്കാരും തയ്യാറാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു.

അദ്ദേഹം കാണുന്ന സ്വപ്നമൊന്നും കേരള മണ്ണിൽ യാഥാർത്ഥ്യമാകുന്ന ഒന്നല്ല എന്നത് അദ്ദേഹം കാണണം. സ്വപ്ന ലോകത്ത് നിന്ന് ഇറങ്ങി വന്ന് ഈ തെറ്റായ നീക്കങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഇവിടെ നമ്മുടെ സംസ്ഥാനത്തിന്റെ ഇത്തരത്തിലുള്ള പ്രത്യേകതകൾ കണ്ടുകൊണ്ട് കേരളത്തെ തകർക്കാൻ കൂട്ടു നിൽക്കുന്ന മനോഭാവം കോൺ​ഗ്രസും യുഡിഎഫും ഉപേക്ഷിക്കുകയാണ് വേണ്ടത്. നിർഭാ​ഗ്യവശാൽ കോൺ​ഗ്രസിന്റെയും യുഡിഎഫിന്റെയും പൂർണ സമ്മതത്തോടു കൂടിയാണ് കേന്ദ്ര സർക്കാർ ഇത്തരം നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കേരളമാകെ, ജനങ്ങളാകെ, ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധം ഉർത്തിക്കൊണ്ടു വരേണ്ടതായിട്ടുണ്ട്. ഇതെല്ലാം ചെയ്തപ്പോഴും നമ്മുടെ സംസ്ഥാനം തളരുകയോ തകരുയോ അല്ല ഉണ്ടായത്. നല്ല രീതിയിലുള്ള അഭിമാനകരമായ നേട്ടങ്ങൾ വിവിധ മേഖകളിൽ നമ്മുക്ക് ആർജിക്കാൻ സാധിച്ചിട്ടുണ്ട്. നമ്മുടെ നാടിനെ തകർക്കാനും തളർത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ഈ നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റ മനസ്സോടോ യോജിച്ച് അണിനിരക്കണമെന്നും മുഖ്യമന്ത്രി സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ ജനാവലിയോട് അഭ്യർഥിച്ചു.



Post a Comment

أحدث أقدم

AD01