വയനാട്ടിൽ തോക്കും വെടിക്കോപ്പുകളുമായി വേട്ടസംഘം പിടിയിൽ; പിടിയിലായത് താമരശ്ശേരി സ്വദേശികൾ

 



സൗത്ത് വയനാട് ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തോക്കും വെടിക്കോപ്പുകളുമായി വേട്ടയാടാൻ ശ്രമിച്ച മൂന്നംഗ സംഘം വനപാലകരുടെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരെയാണ് പിടികൂടിയത്. ബീനാച്ചി-കേണിച്ചിറ റോഡിന് സമീപമുള്ള മടുർ സർക്കാർ വനത്തിനുള്ളിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കാറിലെത്തിയ സംഘം വലയിലായത്. ഇവരിൽ നിന്ന് നാടൻ തിരത്തോക്കും വെടിക്കോപ്പുകളും വനപാലകർ കണ്ടെടുത്തു.പിടിയിലായവർ സ്ഥിരമായി വേട്ടയാടുകയും കാട്ടിറച്ചി വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘമാണെന്ന് ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. കെ. രാജീവ് കുമാർ അറിയിച്ചു. താമരശ്ശേരി അമരാട്, കക്കയം, വയനാട് വനമേഖലകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. പ്രതികളെയും പിടിച്ചെടുത്ത ആയുധങ്ങളും തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.



Post a Comment

أحدث أقدم

AD01