കുട്ടികളിലെ തൈറോയിഡ്: ജന്മനാ തന്നെയുള്ള പരിശോധന അനിവാര്യം, വൈകിയാൽ ബുദ്ധിവികാസത്തെ ബാധിക്കുമെന്ന് വിദഗ്ധർ


തൈറോയിഡ് ഒക്കെ വലിയ ആളുകളിൽ വരുന്നതല്ലേ ? നിങ്ങളും അങ്ങനെ ആണ് ചിന്തിക്കുന്നത് ? എന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ. കുട്ടികൾക്കും കൗമാരക്കാര്‍ക്കും തൈറോയ്‌ഡ് പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന തൈറോയിഡ് പ്രശ്നങ്ങൾ, പ്രത്യേകിച്ച് ജന്മനാ ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ അത് കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സാരമായി ബാധിക്കുമെന്ന് ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം പ്രൊഫസർ ഡോ. റിയാസ് ഐ. കൈരളി ന്യൂസിലെ ‘ഹലോ ഡോക്ടർ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മനായുള്ള തൈറോയിഡ് പരിശോധന (Newborn Screening) കുട്ടികൾ ജനിച്ച് ആദ്യത്തെ ഏതാനും വർഷങ്ങളിലാണ് തലച്ചോറിന്റെ വളർച്ച പൂർണ്ണമാകുന്നത്. ഇതിന് തൈറോക്സിൻ (T4) ഹോർമോൺ അത്യന്താപേക്ഷിതമാണ്. അതിനാൽ, എല്ലാ കുഞ്ഞുങ്ങളിലും പ്രസവിച്ച് 48 മുതൽ 72 മണിക്കൂറിനുള്ളിൽ ടി.എസ്.എച്ച് (TSH) പരിശോധന നടത്തേണ്ടത് നിർബന്ധമാണെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ഇത് പൊക്കിൾകൊടിയിൽ നിന്നോ കുഞ്ഞിന്റെ കാലിൽ നിന്നോ രക്തമെടുത്തു ചെയ്യാവുന്ന ലളിതമായ പരിശോധനയാണ്.

ചികിത്സ വൈകിയാലുള്ള പ്രത്യാഘാതങ്ങൾ ജന്മനായുള്ള തൈറോയിഡ് കുറവ് കണ്ടുപിടിക്കാൻ വൈകുന്നത് കുട്ടിയുടെ ബുദ്ധി വളർച്ചയെ (IQ) ബാധിക്കും. ഉദാഹരണത്തിന്, രോഗം കണ്ടുപിടിക്കാൻ മൂന്ന് മാസം വൈകിയാൽ കുട്ടിയുടെ ഐക്യു (IQ) ശരാശരി 70-ലേക്ക് താഴാൻ സാധ്യതയുണ്ട്. ഇത് പിന്നീട് മാറ്റിയെടുക്കാൻ പ്രയാസമാണ്. എന്നാൽ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങിയാൽ കുഞ്ഞിനെ സാധാരണ കുട്ടികളെപ്പോലെ വളർത്തിയെടുക്കാം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

  • ചെറിയ കുട്ടികളിൽ: നീണ്ടുനിൽക്കുന്ന മഞ്ഞപ്പിത്തം, അമിതമായി ഉറങ്ങുക, പാൽ കുടിക്കാൻ മടി, മലബന്ധം, പൊക്കിൾ ഭാഗം പുറത്തേക്ക് തള്ളി വരിക, തൊലിപ്പുറത്തെ പരുക്കൻ ഭാവം.
  • മുതിർന്ന കുട്ടികളിൽ: അലസത, പൊക്കക്കുറവ്, പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക, കൈയക്ഷരം മോശമാകുക, നെഞ്ചിടിപ്പ്, അമിതമായി വിയർക്കുക.

ഭക്ഷണക്രമവും ജീവിതശൈലിയും തൈറോയിഡ് മരുന്ന് കഴിക്കുന്ന കുട്ടികൾക്ക് കാബേജ്, കോളിഫ്ലവർ തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ട ശാസ്ത്രീയമായ സാഹചര്യമില്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. എന്നാൽ, മരുന്ന് കൃത്യമായി വെറും വയറ്റിൽ തന്നെ നൽകണം. സോയ, അയൺ സിറപ്പുകൾ, ചായ എന്നിവ തൈറോയിഡ് ഗുളികയുടെ കൂടെ നൽകുന്നത് മരുന്നിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും.

അമിതവണ്ണവും തൈറോയിഡും അമിതവണ്ണമുള്ള കുട്ടികളിൽ ടി.എസ്.എച്ച് (TSH) നില അല്പം കൂടുതലായി കണ്ടേക്കാം. ഇത് പലപ്പോഴും ഹൈപ്പോതൈറോയിഡിസം കൊണ്ടല്ല, മറിച്ച് അമിതവണ്ണം കാരണമാണ് ടി.എസ്.എച്ച് കൂടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വണ്ണം കുറച്ചാൽ ടി.എസ്.എച്ച് നില സാധാരണ നിലയിലാകാൻ സാധ്യതയുണ്ട്.
ചികിത്സാരീതികൾ ഹൈപ്പോതൈറോയിഡിസത്തിന് ഹോർമോൺ സപ്ലിമെന്റുകൾ (ഗുളിക) നൽകുകയാണ് പ്രധാന ചികിത്സ. ഹൈപ്പർതൈറോയിഡിസം (ഹോർമോൺ കൂടുന്ന അവസ്ഥ) ഉള്ള കുട്ടികളിൽ മരുന്നുകൾക്ക് പുറമെ റേഡിയോ അയോഡിൻ ചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം.

തൈറോയിഡ് കുറവിനെ ഒരു രോഗമായി കാണുന്നതിന് പകരം ശരീരത്തിലെ ഒരു ഹോർമോൺ കുറവായി കണ്ട് കൃത്യമായി ചികിത്സിച്ചാൽ കുട്ടികൾക്ക് മികച്ച ഭാവി ഉറപ്പാക്കാം എന്ന് ഡോക്ടർ റിയാസ് കൂട്ടിച്ചേർത്തു.



Post a Comment

أحدث أقدم

AD01