തീർത്ഥാടകർക്ക് മികച്ച സേവനങ്ങളുമായി ആരോഗ്യ വകുപ്പ്


ശബരിമലയില സന്നിധാനത്ത് ദർശനത്തിനെത്തുന്ന  തീർത്ഥാടകർക്കായി മികച്ച സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും  സേവനവും തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നു. മകരവിളക്കിന് ഡിസംബർ 30ന് നട തുറന്ന ശേഷം മാത്രം 11,785 പേർ ചികിത്സ തേടിയെത്തിയതായി മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. കെ.എ സുജിത് കുമാർ പറഞ്ഞു. പനി, ചുമ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടിയാണ് കൂടുതലായും തീർഥാടകർ ആരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഈ മണ്ഡലകാലം തുടങ്ങിയ ശേഷം ഹൃദയസ്തംഭനവുമായി എത്തിയ 47 കേസുകളിൽ 12 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. മലകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കാർഡിയാക് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കാർഡിയോളജി യൂണിറ്റുകൾ സജ്ജമാണ്. ഹൃദയാഘാത സാധ്യതയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ  മരുന്നുകളും ലഭ്യമാണ്.

പ്രധാന ആരോഗ്യ സേവനങ്ങൾ:

പമ്പ, നിലയ്ക്കൽ, സന്നിധാനം, ചരൽമേട്, അപ്പാച്ചിമേട്, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ  സജ്ജമാണ്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു, എക്സ്-റേ, ലാബ് സൗകര്യം എന്നിവയുണ്ട്. നിലക്കലിലും ലാബ് സൗകര്യം ലഭ്യമാണ്. ആകെ 22 എമർജൻസി മെഡിക്കൽ സെൻ്ററുകളാണ് ഒരുക്കിയിട്ടുള്ളത്.  ഇതിൽ 17 എണ്ണം പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിലും അഞ്ചെണ്ണം പുൽമേട് വഴിയുള്ള കാനന പാതയിലുമാണ്. 

അവശ്യഘട്ടത്തിൽ വിളിക്കാൻ 203232 എന്ന ടോൾഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. 


വിദഗ്ധ ഡോക്ടർമാർ:

കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പൾമണോളജിസ്റ്റ്,  ജനറൽ ഫിസിഷ്യൻ, സർജൻ എന്നിങ്ങനെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശബരിമലയിൽ ആരോഗ്യ സേവന രംഗത്തുള്ളത്. ഹൃദ്രോഗ ചികിത്സയ്ക്കായി പരിശീലനം ലഭിച്ച  സ്റ്റാഫ് നഴ്‌സുമാർ, ഇ.സി.ജി. മെഷീൻ, ഓക്സിജൻ സിലിണ്ടറുകൾ, അടിയന്തര സാഹചര്യങ്ങൾക്കുള്ള മരുന്നുകൾ, ആംബുലൻസ് സൗകര്യം എന്നിവ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാണ്.

സന്നിധാനത്തെ സേവനങ്ങൾ:

 സന്നിധാനത്തെ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി യൂണിറ്റ്, വെന്റിലേറ്ററുകൾ, ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, എക്സ്-റേ, ലാബ് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. തീർത്ഥാടകർക്ക് സുരക്ഷിതമായി മലകയറാനും ദർശനം പൂർത്തിയാക്കാനും ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.



Post a Comment

أحدث أقدم

AD01