വാജി വാഹനം കണ്ഠരര് രാജീവരർക്ക് കൈമാറിയത് UDF കാലത്തെ ദേവസ്വം ഭരണസമിതി; തന്ത്രിക്ക് അവകാശമുണ്ടെന്ന് അജയ് തറയിൽ


തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരം പൊളിച്ചപ്പോള്‍ വാജിവാഹനം കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന്. 2017 ഫെബ്രുവരി 19 നാണ് വാജിവാഹനം കൈമാറിയത്. വാജിവാഹനം കൈമാറുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. നിലവില്‍ കാണാനില്ലാത്ത അഷ്ടദിക് പാലകരുടെ വിഗ്രഹങ്ങള്‍ അവിടെ നിന്ന് എടുത്തുമാറ്റുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടറിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണം പൊതിഞ്ഞ പഴയ കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു വന്‍ തുക ചെലവഴിച്ച് പുതിയത് നിര്‍മിച്ചത്. എന്നാല്‍ കൊടിമരത്തിന്റെ അടിഭാഗത്തിന് ഒരു കുഴപ്പവുമില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കൊടിമരം മാറ്റിയത് സ്വര്‍ണവും വാജിവാഹനവും അഷ്ടദിക് പാലക വിഗ്രങ്ങളും ലക്ഷ്യം വെച്ചാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. 2017ല്‍ പിണറായി സര്‍ക്കാരായിരുന്നു അധികാരത്തിലെങ്കിലും പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അജയ് തറയില്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്നു. ഇവരുടെ കാലാവധി 2017 നവംബറിലായിരുന്നു അവസാനിച്ചത്. കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു 2017 ഫെബ്രുവരിയില്‍ കൊടിമരം മാറ്റി സ്ഥാപിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംശയങ്ങള്‍ ഉയര്‍ന്നു. അടിഭാഗത്തിന് യാതൊരു പ്രശ്‌നമില്ലാതിരുന്ന കൊടിമരം എന്തിന് മാറ്റി എന്നാണ് ഉയര്‍ന്ന പ്രധാന ചോദ്യം. കൊടിമരം നിര്‍മിക്കാന്‍ തീരുമാനിച്ചത് തങ്ങളുടെ കാലത്ത് അല്ല എന്നായിരുന്നു അജയ് തറയില്‍ ഇതിന് നല്‍കിയ മറുപടി. തങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഗോവിന്ദന്‍ നായരുടെ ബോര്‍ഡാണ് കൊടി മരം നിര്‍മിക്കാന്‍ തീരുമാനം എടുത്തത്. ഒന്ന് ഒരു ദേവപ്രശ്‌നം വെച്ചിരുന്നു. അതില്‍ കൊടിമരത്തിന്റെ അടിഭാഗത്തിന് ദ്രവീകരണം സംഭവിച്ചുവെന്നും കൊടി മരം മാറ്റണമെന്നും ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് ഗോവിന്ദന്‍ നായര്‍ ബോര്‍ഡ് സര്‍ക്കാരിന് അപേക്ഷ നല്‍കി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അജയ് തറയില്‍ പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയ ശേഷം കൊടിമരം മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അജയ് തറയില്‍ പറഞ്ഞു. പരിശോധനയില്‍ കൊടിമരത്തിന്റെ അടിഭാഗത്തെ കമ്പികള്‍ അടക്കം ദ്രവിച്ച അവസ്ഥയിലായിരുന്നുവെന്ന് വ്യക്തമായി. തുടര്‍ന്ന് കൊടിമരം മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കൊടിമരത്തില്‍ നിന്ന് മാറ്റി അഷ്ടദിക് പാലകരുടെ വിഗ്രഹങ്ങള്‍ തിരുവാഭരണം കമ്മീഷണര്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. വാജി വാഹനം മാത്രം തന്ത്രിക്ക് നല്‍കി. വാജി വാഹനം ലോഹമാണെങ്കില്‍ ആചാര്യന് കൈമാറണമെന്നാണ് താന്ത്രിക വിധിയില്‍ പറയുന്നത്. അത് മനസിലാക്കിയാണ് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വാജിവാഹനം കൈമാറിയത്. അതില്‍ യാതൊരു പ്രശ്‌നവുമില്ല. വാജിവാഹനത്തിന്റെ അവകാശി തന്ത്രിയാണെന്നും അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു.



Post a Comment

أحدث أقدم

AD01