മധ്യകേരളത്തിന് ഇനി കാൻസർ ചികിത്സാ കവചം; കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു


കേരളത്തിൻ്റെ പൊതുജനാരോഗ്യ ചരിത്രത്തിലെ അഭിമാനകരമായ നേട്ടമായി, കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിന്റെ (CCRC) അത്യാധുനിക ഹോസ്പിറ്റൽ സമുച്ചയം ഇന്ന് നാടിന് സമർപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെൻ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും ലക്ഷക്കണക്കിന് രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഇനി കൊച്ചിയിൽ തന്നെ ലഭ്യമാകും. ഇതോടെ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് യാത്ര ക്ലേശമില്ലാതെ ലോകോത്തര ചികിത്സ ഉറപ്പാക്കാൻ സാധിക്കും. കിഫ്ബി വഴി ഏകദേശം 450 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഒമ്പത് നില കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. 6.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പണികഴിപ്പിച്ച ഈ സമുച്ചയത്തിൽ 12 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് സർജറിക്കായുള്ള പ്രത്യേക വിഭാഗം, അത്യാധുനിക എംആർഐ , സിടി സ്കാനറുകൾ, ലിനാക് മെഷീനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കൊപ്പം തന്നെ ക്യാൻസർ ഗവേഷണത്തിന് വലിയ പ്രാധാന്യം നൽകുന്ന ഈ കേന്ദ്രത്തിൽ 10,000 ചതുരശ്ര അടി സ്ഥലം ഗവേഷണ പ്രവർത്തനങ്ങൾക്കായി മാത്രമായി മാറ്റിവെച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന സിസിആർസി, കേരളത്തിൽ ‘എഡ്ജ്’ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ ആശുപത്രി കെട്ടിടം കൂടിയാണ്. നിലവിലെ ഊർജ്ജ ആവശ്യങ്ങൾ പൂർണ്ണമായും സോളാർ പാനലുകൾ വഴി നിറവേറ്റുന്ന ഈ സ്ഥാപനം, 2050-ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ ആക്കുക എന്ന സർക്കാർ ലക്ഷ്യത്തിൻ്റെ ഭാഗമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ ഏറ്റവും ആധുനികമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യ മേഖലയിലെ കേരളത്തിൻ്റെ ഇച്ഛാശക്തിയുടെ സാക്ഷ്യപത്രം കൂടിയായി ഈ സ്ഥാപനം മാറും.



Post a Comment

أحدث أقدم

AD01