സർക്കാർ ആശുപത്രികളിൽ മുഖത്തെ പരുക്കുകൾക്ക് നൂതനചികിത്സ: ഡോ. സോണി ജേക്കബ് . സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ, വാഹനാപകടങ്ങൾ, പട്ടികടി എന്നിവ മൂലം മുഖത്ത് അതിഗുരുതരമായ പരുക്കേൽക്കുന്നവർക്ക് നൂതന ചികിത്സകൾ ലഭ്യമാണെന്ന് മാക്സിലോഫേഷ്യൽ സർജൻ ഡോ. സോണി ജേക്കബ് പറഞ്ഞു. കണ്ണൂർ ഗവ. ഡെന്റൽ കോളേജിൽ മാക്സിലോഫേഷ്യൽ സർജറി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം മുഖത്തെ പരുക്കുകളുടെ ചികിത്സയിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചതായും പൊതുചികിത്സാ സംവിധാനത്തിന്റെ പുരോഗതിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത രാജ്യങ്ങൾക്കൊപ്പം നിലവാരമുള്ള ചികിത്സകൾ കണ്ണൂർ ഗവ. ഡെന്റൽ കോളേജിലെ മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ സൗജന്യ നിരക്കിൽ ലഭ്യമാണെന്നും ഡോ. സോണി ജേക്കബ് പറഞ്ഞു. മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഹാളിൽ നടന്ന പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി സജി അധ്യക്ഷനായി. തുടർന്ന് നടന്ന ശില്പശാലയിൽ ഡോ. ഷീബ ഫ്രാങ്ക്‌ളിൻ, ഡോ. എം. സജിന, ഡോ. എൻ.വി ലത, ഡോ. ത്രദീപ് ജയപാൽ, ഡോ.കെ. വിമൽ രോഹൻ, ഡോ. സോണി ജേക്കബ്, ഡോ. ഡെലിന റോസ്മേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അടിസ്ഥാന ലൈഫ് സപ്പോർട്ട് പരിശീലനത്തിൽ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഹൃദയാഘാതം, ശ്വാസനാളത്തിൽ അന്യവസ്തുക്കൾ കുടുങ്ങി ഉണ്ടാകുന്ന ശ്വാസതടസം എന്നിവയുടെ പ്രാഥമിക ചികിത്സയെ കുറിച്ച് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിമൽ രോഹൻ ക്ലാസ് നയിച്ചു. മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. സോണി ജേക്കബ്, ഡോ. ടോണി പി. മാത്യു, ഡോ. ജെറിൻ തോമസ് പോൾ, ഡോ. കെ. വി. ഷീന , ഡോ. പി. ടി. അഭിഷേക് എന്നിവർ ദിനാഘോഷത്തിന് നേതൃത്വം നൽകി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി.ഷീബ ദാമോദർ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, മാക്സിലോഫേഷ്യൽ സർജൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.വി. പി. ശ്രീജിത്ത്, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.കെ.ടി. മാധവൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാഹുൽ നന്ദകുമാർ എന്നിവർ സംസാരിച്ചു.
മാക്സിലോഫേഷ്യൽ സർജറി ദിനാചരണം
WE ONE KERALA
0
.jpg)



إرسال تعليق