“മന്ത്രി വീണാ ജോർജിന് നേരെ കെ എസ് യു ക്രിമിനലുകൾ നടത്തിയ ആക്രമണം ശുദ്ധ ആഭാസം”: മന്ത്രി സജി ചെറിയാൻ


ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു ക്രിമിനലുകൾ നടത്തിയ നിഷ്ഠൂരമായ ആക്രമണത്തെ ശക്തമായി അപലപിച്ച് മന്ത്രി സജി ചെറിയാൻ. ഒരു വനിത മന്ത്രിക്ക് നേരെ നടത്തിയ കൈയേറ്റം രാഷ്ട്രീയല്ല പകരം ശുദ്ധമായ ആഭാസമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ആക്രമണം ആസൂത്രിതമായ ​ഗുണ്ടായിസമാണെന്നും, പ്ലാറ്റ്ഫോംമിലൂടെ ട്രെയിൻ കയറാൻ പോയ മന്ത്രിക്കെതിരെയാണ് അക്രമണത്തെ സർക്കാരും പാർട്ടിയും ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ ശക്തമായി നേരിടുമെന്നും അദ്ദേഹം കുറിച്ചു. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി സഖാവ് വീണാ ജോർജിന് നേരെ കെ.എസ്.യു ക്രിമിനലുകൾ നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതൊരു രാഷ്ട്രീയ പ്രതിഷേധമല്ല, മറിച്ച് അക്രമിസംഘത്തെ അഴിച്ചുവിട്ട് മന്ത്രിക്കെതിരെ നടത്തിയ ആസൂത്രിതമായ ഗുണ്ടായിസമാണ്. ട്രെയിൻ കയറാൻ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോയ ഒരു വനിതാ മന്ത്രിക്കെതിരെ ഇത്തരത്തിൽ കയ്യേറ്റം നടത്തുന്നത് രാഷ്ട്രീയമല്ല, ശുദ്ധമായ ആഭാസമാണ്. കേരളത്തിന്റെ ആരോഗ്യമേഖല ലോകത്തിന് തന്നെ മാതൃകയാണെന്നത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ച വസ്തുതയാണ്. ഈ നേട്ടങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നവർ, ഇല്ലാത്ത കാര്യങ്ങൾ പർവ്വതീകരിച്ച് കാട്ടി മന്ത്രിക്കെതിരെ തിരിയുന്നത് ജനങ്ങൾ തിരിച്ചറിയും. കോൺഗ്രസ് നേതൃത്വം തങ്ങളുടെ അണികളെ കയറൂരി വിട്ട് നാട്ടിലെ സമാധാനം തകർക്കാമെന്നും കലാപം ഉണ്ടാക്കാമെന്നും മോഹിക്കേണ്ട. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ വഴികളുണ്ട്. അതിനു പകരം കായികമായി നേരിടാനാണ് ഭാവമെങ്കിൽ, അത്തരം അക്രമങ്ങളെ സർക്കാരും പാർട്ടിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ ശക്തമായി തന്നെ നേരിടും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കുന്ന യുഡിഎഫ് ശൈലിയുടെ പ്രതിഫലനമാണ് കണ്ണൂരിൽ കണ്ടത്. കേരളത്തിന്റെ വികസന കുതിപ്പിനെ തടയാൻ നോക്കുന്ന ഇത്തരം ക്രിമിനൽ കൂട്ടങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് അഭ്യർത്ഥിക്കുന്നു.



Post a Comment

أحدث أقدم

AD01