ആറളം ഫാമിലെ ഓപ്പറേഷൻ ഗജമുക്തി: നാലാംഘട്ട ദൗത്യത്തിനു തുടക്കം; 2 ആനകളെ വനത്തിലേക്ക് തുരത്തി.


ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യം നാലാം ഘട്ടം തുടങ്ങി. ആദ്യദിനം 2 ആനകളെ കാടുകയറ്റി. കഴിഞ്ഞദിവസം പുനരധിവാസ മേഖലയിലെ കോട്ടപ്പാറ ഇഞ്ചിമുക്കിൽ അനീഷിനെ കാട്ടാന കൊന്നതിനെ തുടർന്നുള്ള ചർച്ചകളിലെ തീരുമാനപ്രകാരം കൂടിയാണ് ആനതുരത്തൽ വീണ്ടും ഊർജിതമാക്കിയത്. ദൗത്യം ഇന്നും തുടരും. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.നിധിൻരാജ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.നിധിൻരാജ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യരാഘവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ ആനതുരത്തൽ. ഇന്നലെ രാവിലെ 8.30ന് ആറളം ഫാം ബ്ലോക്ക് 7 ലെവയനാടൻ കാടിന്റെ ഭാഗത്തു നിന്നാണു തുരത്തൽ ആരംഭിച്ചത്. ദൗത്യം തുടങ്ങി അധികം വൈകാതെ 2 കാട്ടാനകളെ സംഘം കണ്ടെത്തി. ഉച്ചയ്ക്ക് മുൻപായി ഇതിൽ ഒരു ആനയെ ഹെലിപ്പാട് ഭാഗത്തേക്ക് കടത്തിവിടാൻ സാധിച്ചെങ്കിലും രണ്ടാമത്തെ ആന തിരിഞ്ഞുപോയിരുന്നു. ഉച്ചയ്ക്ക് ശേഷം ദൗത്യസംഘം തിരച്ചിൽ പുനരാരംഭിക്കുകയും കഠിനശ്രമത്തിനൊടുവിൽ 2 ആനകളെയും താളിപ്പാറ, കോട്ടപ്പാറ വഴി സോളർ തൂക്കുവേലി കടത്തി ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തുകയുമായിരുന്നു. ദൗത്യത്തിൽ വനംവകുപ്പിലെ വിവിധ സെക്‌ഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ആറളം ആർആർടി സംഘാംഗങ്ങളും ഉൾപ്പെടെ 30 അംഗങ്ങൾ പങ്കെടുത്തു. കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്‌ഷനുകളിലെയും ഇരിട്ടി, നരിക്കടവ് സ്റ്റേഷനുകളിലെയും ജീവനക്കാർ ദൗത്യസംഘത്തിന്റെ ഭാഗമായി. 4 വനംവകുപ്പ് വാഹനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു. മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി ആറളം പഞ്ചായത്തിൽ നിയോഗിച്ചിട്ടുള്ള വനം ലെയ്സൺ ഓഫിസർമാരുടെ നേതൃത്വത്തിൽ പൊലീസ്, പഞ്ചായത്ത്, ടിആർഡിഎം, ആരോഗ്യവകുപ്പ് എന്നിവയുമായി ഏകോപനം നടത്തി. ആറളം സ്കൂൾ, ടിആർഡിഎം മേഖലയിലെ താമസക്കാർ, വിദ്യാർഥികൾ, ഫാം തൊഴിലാളികൾ, യാത്രികർ എന്നിവരുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു ലെയ്സൺ ഓഫിസർമാർ നിർദേശങ്ങൾ നൽകിയിരുന്നു. 



Post a Comment

أحدث أقدم

AD01