പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന യാതൊന്നും ചെയ്തിട്ടില്ല, അച്ചടക്കനടപടികൾ സ്വീകരിക്കരുത്'; സിപിഎമ്മിന് വിശദീകരണം നൽകി എ.പത്മകുമാർ




പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് എ.പത്മകുമാർ വിശദീകരണം നൽകി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാറിന്റെ വിശദീകരണം. തപാലിലൂടെയായിരുന്നു പത്മകുമാറിനോട് ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. വിശദീകരണം എഴുതിതയ്യാറാക്കിയതിന് ശേഷം ദൂതൻ വഴിയാണ് പത്മകുമാർ മറുപടി കൊടുത്തയച്ചത്. പത്മകുമാറിനെതിരെ നടപടി തീരുമാനിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ചേരും. ദേവസ്വം ബോർഡിൻ്റെ മുന്നിലെത്തിയ രേഖകളിൽ 'പിത്തള' എന്നത് വെട്ടി ചെമ്പ് എന്ന് തിരുത്തിയത് മാത്രമാണ് തനിക്കെതിരെ എസ്ഐടിക്ക് കണ്ടെത്താനായതെന്ന് പത്മകുമാർ വിശദീകരണത്തിൽ പറഞ്ഞു. യഥാർഥത്തിൽ സ്വർണം പൂശിയത് ചെമ്പുപാളികളിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ബോർഡ് രേഖകളിൽ സാങ്കേതികമായി നടത്തിയ തിരുത്തൽ മാത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തിരുത്തൽ താൻ വ്യക്തിപരമായി സ്വീകരിച്ച തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച്, ദേവസ്വം ബോർഡ് കൂട്ടായി സ്വീകരിച്ച തീരുമാനമായിരുന്നു. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ ചെമ്പ് പാളികൾ നവീകരിക്കുകയെന്നതായിരുന്നു ബോർഡിന്റെ പൊതുവായ തീരുമാനം. അതിനാൽ പൂർണ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെക്കാനാകില്ല.'പ്രത്യേക അന്വേഷണസംഘം തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കുകയും അതിൽ പ്രതിചേർക്കുകയും ചെയ്‌താൽ മാത്രമേ നിയമപരമായ പ്രസക്തിയുള്ളൂവെന്നും തന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ അച്ചടക്കനടപടികൾ സ്വീകരിക്കരുതെന്നും വിശദീകരണ മറുപടിയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.



Post a Comment

أحدث أقدم

AD01