കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്‍റെ നീക്കം; ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി



ദില്ലി: കണ്ണൂരിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചയ്ക്കായി കെ സുധാകരനെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച കെ സുധാകരൻ ദില്ലിയിലേക്ക് പോകും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ സുധാകരൻ നാട്ടിലേക്ക് മടങ്ങി. പിന്നാലെ കണ്ണൂർ തന്റെ ഹൃദയരക്തമെന്ന് കുറിച്ച് എഫ്ബിയിൽ വൈകാരിക കുറിപ്പും പങ്കിട്ടു. പാർട്ടിക്ക് വേണ്ടി താൻ സഹിച്ച ത്യാഗങ്ങൾ അടക്കം എണ്ണിപ്പറ‌ഞ്ഞായിരുന്നു സുധാകരന്റെ കുറിപ്പ്. കടന്നുവന്ന കനൽവഴികൾ മറ്റുള്ളവർക്ക് മറക്കാനായേക്കാം, തനിക്ക് ആകില്ലെന്ന് സുധാകരൻ കുറിപ്പിൽ പറഞ്ഞു. തൊട്ടുപിന്നാലെ സുധാകരൻ അനുകൂലികൾ കണ്ണൂരിലെ വീട്ടിലേക്കെത്തി. കെ സുധാകരൻ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ സുധാകരൻ അനുകൂലികൾ കണ്ണൂർ ഡിസിസിക്ക് മുന്നിൽ പോസ്റ്ററുകൾ പതിച്ചു. സുധാകരൻ കോണ്‍ഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നത്. ഹൈക്കമാൻഡിന്റെ അനുനയ നീക്കത്തിൽ സുധാകരൻ വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

Post a Comment

أحدث أقدم

AD01