സെബിക്ക് പുതിയ മേധാവിയെ തേടി ധനകാര്യമന്ത്രാലയം; ശമ്പളം ലക്ഷങ്ങൾ


സെബി മേധാവിയാകാൻ അവസരം. നിലവിലെ മേധാവിയായ മാധബി പുരി ബുച്ചിൻ്റെ മൂന്ന് വർഷത്തെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാനിരിക്കെയാണ് പുതിയ മേധാവിക്കായി അപേക്ഷ ക്ഷണിക്കുന്നത്. ഫെബ്രുവരി 17 വരെ അപേക്ഷ സ്വീകരിക്കും. ശമ്പളമായി ലഭിക്കുക 5,62,500 രൂപയാണ്. വീടും കാറും ഇല്ലാതെയായിരിക്കും ഈ പ്രതിമാസ ശമ്പളം. 2022 മാർച്ചിലാണ് ബുച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സണായി ചുമതലയേറ്റത്. പുതിയ മേധാവിക്ക് പരമാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സുതികയും വരെ ആയിരിക്കും പ്രവർത്തനകാലാവധി. സാധാരണ 3 വർഷമാണ് സെബി മേധാവിയുടെ പ്രവർത്തനകാലാവധി. എന്നാൽ, പരസ്യത്തിൽ 5 വർഷത്തേക്കായിരിക്കും നിയമനമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അദാനി ഗ്രൂപ്പിന്റെ (Adani Group) ‘കടലാസ് കമ്പനികളിൽ’ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടെന്ന് ആരോപിച്ച് യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് റിസർച്ച് കഴിഞ്ഞ ഓഗസ്റ്റിൽ രംഗത്തെത്തിയത് ഇന്ത്യയിൽ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് വിവാദം സൃഷ്ടിച്ചിരുന്നു.

സെബിയുടെ മേധാവിയാകാനുള്ള യോഗ്യത എന്തെല്ലാം?

സെബി ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിയമിക്കപ്പെടുന്നവര്‍ സാമ്പത്തിക രംഗത്ത് പരിചയ സമ്പന്നരായിരിക്കണം. ഫിനാന്‍സ്, ഇക്കണോമിക്‌സ്, നിയമം എന്നിവയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം വേണം. ഫിനാൻസ്, റിസര്‍ച്ച്, അധ്യാപനം എന്നീ മേഖലയില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. പിഎച്ച്ഡി അഭികാമ്യം. യോഗ്യതയുള്ളവരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ ആദ്യം ഷോട്ട് ലിസ്റ്റ് തയ്യാറാക്കും. തുടര്‍ന്ന് ഈ ലിസ്റ്റിലുള്ളവരെ സെര്‍ച്ച് ആന്റ് സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് നിയമനം നടക്കുന്നത്.



Post a Comment

Previous Post Next Post

AD01

 


AD02