അരക്കോടിയിലധികം തീർഥാടകർക്ക് ദർശന സായൂജ്യം നൽകിയ ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിന് സമാപനമായി. മണി മണ്ഡപത്തിനു സമീപം നടന്ന ഗുരുതി പൂജയോടെയാണ് ഇത്തവണത്തെ തീർഥാടന കാലത്തിന് സമാപനമായത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയ്ക്ക് നട തുറന്നതോടെ തന്നെ ഗുരുതിയ്ക്കായുള്ള ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം നടന്നിരുന്നു. പിന്നീട് നടയടച്ചതിനുശേഷം പന്തളം രാജ്യ പ്രതിനിധിയും ദേവസ്വം പ്രതിനിധികളും മാളികപ്പുറത്ത് എത്തിയതോടെ ചടങ്ങുകൾ തുടങ്ങി. ഗുരുതിയോടെ ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് സമാപനമായി. മാളികപ്പുറം മണിമണ്ഡപത്തിന് മുൻപിൽ റാന്നി കുന്നയ്ക്കാട്ട് കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് ഗുരുതി നടന്നത്.
മണിമണ്ഡപത്തിന് മുന്നിൽ ഒരുക്കിയ തറയിൽ നിലവിളക്കുകളും പന്തവും കൊളുത്തി. തുടർന്ന് മന്ത്രങ്ങൾ ചൊല്ലി കുമ്പളങ്ങ മുറിച്ച് മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണമൊഴുക്കിയാണ് ഗുരുതി നടത്തിയത്. രണ്ടു ഭാഗങ്ങളായി നടത്തുന്ന ഗുരുതി പൂജ ആദ്യഘട്ടത്തിൽ മാത്രമാണ് തീർഥാടകർക്ക് കാണുവാൻ അനുവാദം ഉള്ളൂ. രണ്ടാം ഘട്ടത്തിലെ ചടങ്ങുകൾ മണിമണ്ഡപത്തിനുള്ളിൽ രാജപ്രതിനിധികളുടെ മാത്രം സാന്നിധ്യത്തിലാണ് നടക്കുക. റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഗുരുതി ചടങ്ങുകൾ നടത്താനുള്ള അവകാശം.
Post a Comment