കുടിവെളളക്ഷാമവും യമുനയിലെ വിഷമാലിന്യവും; ചൂടുപിടിച്ച് ദില്ലി തെരഞ്ഞെടുപ്പ്


ദില്ലിയില്‍ കുടിവെളളക്ഷാമവും യമുനയിലെ വിഷമാലിന്യവും തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കുന്നു. ഹരിയാന സര്‍ക്കാര്‍ കുടിവെളളത്തില്‍ വിഷം കലര്‍ത്തുന്നുവെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന ക്രമസമാധാനം തകര്‍ക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം. അതേസമയം 10 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഏഴ് ഗാരന്റികള്‍ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. കുടിവെളളക്ഷാമവും യമുനാ നദിയിലെ വിഷമാലിന്യവുമാണ് ദില്ലിയിലെ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണം. ഹരിയാന സര്‍ക്കാര്‍ യമനുയില്‍ വിഷം കലര്‍ത്തുകയാണെന്നും അമോണിയയുടെ അംശം അനുവദനീയമായ അളവിലും 700 ശതമാനം കൂടുതലാണെന്നും ആം ആദ്മി ആവര്‍ത്തിക്കുന്നു.

ബിജെപി കുടിവെളളത്തില്‍ വിഷം കലര്‍ത്തിയെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെടുകയാണ്. കെജ്രിവാളിന്റെ പരാമര്‍ശം രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുളള ശത്രുതാ മനോഭാവത്തിനും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രചരണം നടത്തുന്നത് സംസ്ഥാനത്ത് അശാന്തി പ്രോത്സാഹിപ്പിക്കുന്നതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം എഎപി ദേശീയ കണ്‍വീനന്‍ അരവിന്ദ് കെജ്രിവാള്‍ ഏഴ് ഗ്യാരന്റികള്‍ ദില്ലി ജനതയ്ക്കായി വീണ്ടും പ്രഖ്യാപിച്ചു.

10 ലക്ഷം രൂപ ലൈഫ് ഇന്‍ഷുറന്‍സ്, 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, പെണ്‍മക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയാണ് പുതിയ വാഗ്ദാനങ്ങള്‍. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എഎപിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുക്കും.



Post a Comment

Previous Post Next Post

AD01

 


AD02