യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിലെ 29,000 തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 6,88,000 പരിശോധനകളാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നടത്തിയത്.
29,000 തൊഴിൽ നിയമലംഘനങ്ങളാണ് പിടികൂടിയത്. ഇതിൽ 12,509 സ്ഥാപനങ്ങൾ തൊഴിൽ, ആരോഗ്യ, തൊഴിൽ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായും കണ്ടെത്തി. ലൈസൻസില്ലാതെ റിക്രൂട്മെന്റ് നടത്തിയതിന് 20 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കൽ, ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻറ് നടത്തൽ, ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ കമ്പനികൾ അടച്ചുപൂട്ടൽ, വേതന സംരക്ഷണ സംവിധാനം പാലിക്കുന്നതിൽ പരാജയപ്പെടൽ, തെറ്റായ വിവരങ്ങൾ സമർപ്പിക്കൽ തുടങ്ങിയവയാണ് പിടികൂടിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നവീന സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന ഊർജിതമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചും അറിയിക്കാതെയുമുള്ള മിന്നൽ പരിശോധനകളും നടത്തും.
അതേസമയം രാജ്യത്തെ തൊഴിൽ വിപണിയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 32.16% വർധന രേഖപ്പെടുത്തി. പുതിയ കമ്പനികളിൽ 17.02 ശതമാനവും തൊഴിലാളികളിൽ 12.04 ശതമാനവും വർധനയുണ്ട്. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തിയും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസും തൊഴിൽ നഷ്ട ഇൻഷുറൻസും ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ 2024ലെ ആഗോള തൊഴിൽ സൂചികയിൽ അറബ് ലോകത്ത് യുഎഇ ഒന്നാമതെത്തിയിരുന്നു .
Post a Comment