പയ്യാമ്പലത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം.



വർദ്ധിച്ച് വരുന്ന അപകടവും ഗതാഗത തടസവും നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പയ്യാമ്പലത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. ഉത്തര മലബാറിലെ പ്രശസ്തമായ ബീച്ച് എന്ന നിലക്ക് പയ്യാമ്പലത്ത് അനുദിനം സന്ദർശകരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. കുടുംബ സമേതം ഒഴിവ് സമയം ചെലവഴിക്കുന്നതിന് എത്തുന്നവർക്ക് അധിക സമയവും വാഹനങ്ങളിൽ തന്നെ ഇരിക്കേണ്ട സാഹചര്യം പോലും ഉണ്ടാകാറുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് ബീച്ചിലേക്കുള്ള വാഹനങ്ങൾ പയ്യാമ്പലം പാലം വഴി പ്രവേശിച്ച് കൃഷ്ണ ബീച്ച് റിസോട്ട്,  ശിവോഹം ജംഗ്ഷൻ, പള്ളിയാംമൂല പള്ളി റോഡ് വഴി മണലിലേക്ക് പോവുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തുക. അതോടൊപ്പം ഈ വഴികളിലെ പാർക്കിംഗിനും നിയന്ത്രണമുണ്ടാവും. ഗതാഗത തടസമുണ്ടാക്കുന്ന തരത്തിലുള്ള ബങ്കുകൾ നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കും. കോർപ്പറേഷൻ പരിധിയിലെ ഓട്ടോകൾക്ക് കെ സി നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ ആർ.ടി.ഒ തലത്തിൽ വെരിഫിക്കേഷൻ പൂർത്തിയായതായും ഒരാഴ്ചക്കകം റിപ്പോർട്ട് ലഭ്യമാക്കുമെന്നും റിപ്പോർട്ട് ലഭ്യമായ ഉടൻ മാനദണ്ഡമനുസരിച്ച് കെ സി നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മേയർ അറിയിച്ചു. നഗരത്തിൽ തന്നെ പാർക്കിംഗ് സ്ഥലം അനുവദിച്ച് കിട്ടുന്നതിന് പലരും കോടതിയെ സമീപിച്ച് ഉത്തരവുമായി വരുന്നുണ്ട്. ഇത്തരക്കാർക്ക് പാർക്കിംഗ് അനുവദിക്കുന്നതിന് നിർവാഹമില്ലാത്തതാണ്. സ്ഥലപരിശോധന നടത്തി പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കു ചെയ്യാവുന്ന ഓട്ടോകളുടെ എണ്ണം കാണിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വിചിത്ര കോംപ്ലക്സിന് മുൻവശത്ത് മാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിൽ  ഓട്ടോ പാർക്കിംഗിൻ്റെ എണ്ണം നിജപ്പെടുത്തിയുള്ള കോടതി ഉത്തരവ് ഉടൻ നടപ്പാക്കുന്നതിന്നും മേയർ നിർദ്ദേശം നൽകി. യോഗത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, നഗരാസൂത്രണ കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ,എ എം വി ഐ റോഷൻ, ട്രാഫിക് സബ് ഇൻസ്പെക്ടർ മനോജ് കുമാർ, കണ്ണൂർ ടൗൺ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷഹീഷ് കെ.കെ , പി .ഡബ്ല്യു.ഡി സൂപ്രണ്ട് ഷനിജ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01

 


AD02