തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ ഇൻസ്റ്റഗ്രാം സുഹൃത്ത് വീട്ടിൽകയറി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു–30) വിന്റെ കൊലപാതകി ഇപ്പോഴും കാണാമറയത്താണ്. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ എറണാകുളം ചെല്ലാനം സ്വദേശിയായ യുവാവാണ് യുവതിയുടെ ജീവനെടുത്തത് എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.ആതിരയെ കുത്തികൊലപ്പെടുത്തിയ ശേഷം യുവതിയുടെ സ്കൂട്ടറിൽ രക്ഷപെട്ട പ്രതി ചിറയിൻകീഴ് റയിൽവെ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനിൽ രക്ഷപെട്ടു എന്നാണ് വിവരം. ആതിരയുടെ സ്കൂട്ടർ ചിറയിൻകീഴ് റയിൽവെ സ്റ്റേഷനിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതി എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സമയങ്ങളിൽ യുവാവ് താമസിക്കാറുള്ള പെരുമാതുറയിലെ മുറിയിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. ഇൻസ്റ്റഗ്രാം സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു. ഇതോടെ തനിക്കൊപ്പം ഇറങ്ങിവരണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.ആതിരയുടെ ഭർത്താവ് കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകൾ ആതിരയെ 8 വർഷം മുൻപാണ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം.ഇന്നലെ രാവിലെ പൂജ കഴിഞ്ഞ് രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറുവയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു.ഇൻസ്റ്റഗ്രാം സുഹൃത്തായ പുരുഷൻ തന്നെ കൊലപ്പെടുത്തുമെന്ന് ആതിര വെളിപ്പെടുത്തിയിരുന്നു എന്ന് ആതിരയുടെ ഭർത്താവ് രാജീവ് പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പുറത്ത് പറയരുതെന്നും യുവതി തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും ഭർത്താവ് വെളിപ്പെടുത്തി. ഇതു പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നെന്നും രാജീവ് പറഞ്ഞു. അതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.കൊല്ലപ്പെട്ട ആതിര കൂടുതൽ സമയവും സമൂഹ മാധ്യമങ്ങളിലാണ് സമയം ചിലവഴിക്കുന്നത്. ഇക്കാര്യം വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകി. ഇൻസ്റ്റഗ്രാം ഫ്രണ്ട് വധഭീഷണി മുഴക്കിയ വിവരം ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്.ആതിരയുടെ കൊലപാതകം വിശദമായി ആസൂത്രണം ചെയ്താണു നടപ്പാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ദീർഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം പ്രദേശത്ത് വാടകയ്ക്കു താമസമാരംഭിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാൻ ഇയാൾ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര അതു നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് കരുതുന്നു. തൊട്ടടുത്ത് വീടുകൾ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തിയും കണ്ടെടുത്തു. കുത്തേറ്റതിന്റെ ഫലമായി കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലിൽ കിടന്നത്.
WE ONE KERALA -NM
Post a Comment