പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ആവിഷ്കരിക്കപ്പെട്ട നിമിഷം; വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി


63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആദ്യദിനം വെള്ളാർ മല ജി.എച്ച്.എസ് സ്കൂളിലെ കുട്ടികൾ വേദിയെ കണ്ണീരണിയിച്ചു. അതിജീവനത്തിന്റെ കഥ ആധാരമാക്കിയുള്ള നൃത്ത ശില്പത്തോടെ ചരിത്രത്തിൽ ആദ്യമായാണ് കലോത്സവ വേദി ഉത്ഘാടനം കുറിക്കുന്നത്. ഇപ്പോഴിതാ കുട്ടികളുടെ ആ പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്കരിക്കപ്പെട്ട നിമിഷമായിരുന്നു അതെന്നും അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്;

മുണ്ടക്കൈയിൽ ഉരുൾപൊട്ടിയപ്പോൾ വെള്ളാർമല സ്കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാൽ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാൻ അവിടത്തെ കുഞ്ഞുങ്ങൾക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ഇന്ന് സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ അരങ്ങേറിയത്. പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീർവദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നൽകിയത്. അവർ പകർന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഈ കലോൽസവം ഏറ്റവും മികച്ച രീതിയിൽ നടത്താൻ സാധിക്കണം. വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ!





Post a Comment

Previous Post Next Post

AD01

 


AD02