ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കം; ആറ് പള്ളികൾ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി


ന്യൂഡൽഹി: എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ കോടതിയലക്ഷ്യ ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഓർത്തഡോക്‌സ് - യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാർ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്നതിൽ സുപ്രീം കോടതിയുടെ രണ്ട് വിധിന്യായങ്ങളുണ്ട്. ഇതിൽ ഭിന്നാഭിപ്രായമുണ്ടാകാം. എങ്കിലും അന്തിമ ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെമിത്തേരിയിലെ മൃതദേഹ സംസ്കാര പ്രശ്‌നം സർക്കാർ നിയമ നിർമ്മാണത്തിലൂടെ പരിഹരിച്ചു. സുപ്രീം കോടതി വിധിയിലെ മറ്റ് നിർദ്ദേശങ്ങളും സർക്കാർ നടപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരിന് സൂചന നൽകിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുള്ളവർ ആരെന്ന കാര്യവും പരിശോധിക്കണം. സുപ്രീംകോടതി വിധി അനുസരിച്ച് ഇനി നടപ്പാക്കാനുള്ള കാര്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കണം. പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന ഭരണകൂടം തയ്യാറല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ അപ്പീലിൽ ഇടപെടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി പുതിയതായി പരിഗണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം. കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് ഉചിതമായ തീരുമാനമെടുക്കാം. സുപ്രീം കോടതി വിധിയിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കണമെന്നും സുപ്രീം കോടതിനിർദ്ദേശിച്ചു. സംസ്ഥാന സർക്കാരും യാക്കോബായ സഭയും നൽകിയ അപ്പലീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലുകളിലായിരുന്നു സുപ്രീം കോടതി വാദം കേട്ടത്. സർക്കാരിന് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാനാകുമോ എന്നാണ് സുപ്രീം കോടതി പരിശോധിച്ചത്. അപ്പീലുകളിൽ സഭാ തർക്കത്തിന്റെ ഉള്ളടക്കം പരിശോധിക്കില്ലെന്ന് നേരത്തെ വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കാനാകും എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

പള്ളികൾ ഏറ്റെടുത്ത ശേഷം കൈമാറുന്നത് ശാശ്വത പരിഹാരമല്ലെന്നായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ മറുപടി. സംഘർഷം ഒഴിവാക്കി പ്രശ്‌ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് പള്ളികൾ ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ക്രമസമാധാന പ്രശ്‌നമുണ്ടായി. പ്രശ്‌നം സമാധാനപരമായി കൈമാറാൻ ഇരുവിഭാഗങ്ങളുമായും ചർച്ചയ്ക്ക് ശ്രമം തുടരുകയാണ് എന്നുമായിരുന്നു സർക്കാർ നൽകിയ സത്യവാങ്മൂലം.

ഓർത്തഡോക്സ്-യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടർമാർക്കുമെതിരെ ഒക്ടോബർ 21നായിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതായിരുന്നു തീരുമാനം. ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് കോടതിയലക്ഷ്യ ഹർജി പുതിയതായി പരിഗണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.



Post a Comment

Previous Post Next Post

AD01

 


AD02