നിലമ്പൂർ തേക്ക് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം


കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള നിലമ്പൂരിലെ പ്രശസ്തമായ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. കേരളത്തെ മാതൃകാപരമായ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ വഴി  സംസ്ഥാനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുന്നതിൻ്റെ ഭാഗമായാണ് പ്രഖ്യാപനം. ശലഭോദ്യാനം, ഔഷധ ഉദ്യാനം, പച്ചത്തുരുത്ത്, കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കിയാണ് ഹരിത കേരളം മിഷൻ്റെ സഹകരണത്തോടെ കെ.എഫ്. ആർ.ഐ തേക്ക് മ്യൂസിയം ഗ്രീൻ ഡെസ്റ്റിനേഷനാക്കിയത്. 

നഗരസഭയുടെ നേതൃത്വത്തിൽ ഹരിത വിദ്യാലയങ്ങളായി തിരഞ്ഞെടുത്ത സ്‌കൂളുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഫെബ്രുവരി 28 നകം നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ ക്ലാസ് മുറികളും ഹരിത ക്ലാസ് മുറികളാക്കുകയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കുകയും ചെയ്യും.  എല്ലാ അയൽക്കൂട്ടങ്ങളും ഹരിതയിൽ അയൽ കൂട്ടങ്ങളായി പ്രഖ്യാപിക്കും. മാർച്ച് 31 നകം എല്ലാ സർക്കാർ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭയിൽ ആരംഭിച്ചിട്ടുണ്ട്. പരിപാടിയിൽ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ് വാര്യർ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ജിതിൻ ടി.വി.എസ്, നഗരസഭാ വൈസ് ചെയർപെഴ്സൻ അരുമ ജയകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ കക്കാടൻ റഹീം, പി എം ബഷീർ,  യു.കെ ബിന്ദു, സക്കറിയ കിനാൻ തോപ്പിൽ, ഷൈജി ടീച്ചർ, കേരള വനം ഗവേഷണ കേന്ദ്രം നിലമ്പൂർ സബ് സെന്റർ ശാസ്ത്രഞ്ജൻ ഡോ. ഇ.ഇ. മല്ലികാർജുനസാമി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മാലിന്യ സംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവം മാറ്റാനായത് വലിയ നേട്ടം - മന്ത്രി വി അബ്ദുറഹിമാൻ

മാലിന്യ സംസ്കരണ രംഗത്ത് പൊതുജനത്തിൻ്റെ മനോഭാവം മാറ്റാൻ കഴിഞ്ഞുവെന്നത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന ഊർജിത നടപടികളുടെ നേട്ടമാണെന്ന് കായിക - ന്യൂനപക്ഷ ക്ഷേമ- വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. നിലമ്പൂർ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്. അടുത്ത കാലം വരെ നമ്മുടെ പൊതുനിരത്തുകളും ജലാശയങ്ങളും മാല്യന്യം കുമിഞ്ഞ് കൂടിയ നിലയിലായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയ ആസൂത്രിതമായ നടപടികളിലൂടെ നാടിനെ മാലിന്യ മുക്തമാക്കാൻ കഴിഞ്ഞു. അതിൻ്റെ സമ്പൂർണ പ്രഖ്യാപനം ഉടൻ നടക്കാൻ പോകുകയാണ്. വിദേശ മാതൃകയിൽ കേരളത്തെ വൃത്തിയുള്ള, വലിച്ചെറിയൻ മുക്ത സംസ്ഥാനമാക്കുകയാണ് സർക്കാർ ലക്ഷ്യം. മാലിന്യങ്ങൾ തള്ളുന്നവരോട് ജനങ്ങൾ പ്രതികരിക്കാനും അവരെ സംസ്കാര ശൂന്യരും സാമൂഹ്യ വിരുദ്ധരുമായി കാണാനും  തയ്യാറാവുന്നു എന്നത് പൊതു സമൂഹത്തിൻ്റെ മനോഭാവത്തിൽ വന്ന വലിയ മാറ്റമാണ്. മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിടി വീഴുന്ന തരത്തിലുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങിയതും സർക്കാർ സ്വീകരിച്ച ഉറച്ച  നിലപാടിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post

AD01

 


AD02