നെന്മാറ ഇരട്ട കൊലപാതകം പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ക്രൈം സീൻ പുനരാവിഷ്കരിക്കാനും വിശദമായ തെളിവെടുപ്പ് നടത്താനുമാണ് പോലീസ് തയ്യാറെടുക്കുന്നത്. പ്രതിയുടെ രഹസ്യ മൊഴിയെടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. നാടിനെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതകത്തിൽ ആലത്തൂർ കോടതി റിമാൻഡ് ചെയ്ത പ്രതി ചെന്താമരയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പ്രതിയുമായി വിശദമായ തെളിവെടുപ്പാണ് നടത്തുക എന്ന് പൊലീസ് പറയുന്നുണ്ട്. ക്രൈം സീൻ പോത്തുണ്ടിയിൽ പുനരാവിഷ്കരിക്കും.
നാട്ടുകാർ രോഷാകുലരായി നിൽക്കുന്നതിനാൽ കനത്ത സുരക്ഷയും പോലീസ് ഏർപ്പെടുത്തുന്നുണ്ട്. കൂടാതെ പ്രതിയുടെ രഹസ്യ മൊഴിയെടുക്കാനും പോലീസ് ആലോചിക്കുന്നു. പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്തശേഷമായിരിക്കും തീരുമാനം. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാതിരുന്ന പ്രതി, പലപ്പോഴും പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ കുറ്റം ചെയ്തു എന്ന് സമ്മതിക്കുകയും, തന്നെ നൂറുവർഷം ജയിലിൽ ഇടാനും മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. അതിനിടെ ചെന്താമരയെ പിടികൂടിയപ്പോൾ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പിഡിപിപി ആക്ട് പ്രകാരമാണ് പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. സ്റ്റേഷനു മുന്നിൽ രോഷാകുലരായ ജനങ്ങൾ ഗേറ്റും മതിൽ കാലും തകർത്തിരുന്നു.
Post a Comment