ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെ; വിൽപ്പത്രക്കേസിൽ കെ ബി ഗണേഷ് കുമാറിന് ആശ്വാസം, ഫൊറൻസിക് റിപ്പോർട്ട്



വിൽപ്പത്രക്കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപത്രത്തിലെ ഒപ്പ് പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേതെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കെ ബി ഗണേഷ്കുമാർ വിൽപ്പത്രം വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു ആരോപണം. അച്ഛൻ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാൻ ഗണേഷ് കുമാർ ശ്രമിച്ചു എന്നായിരുന്നു കേസ്.സഹോദരി ഉഷാ മോഹൻദാസ് ആയിരുന്നു പരാതിക്കാരി. 

കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകി. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ. ആർ. ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളിൽ നടത്തിയ ഒപ്പുകൾ, കേരള മുന്നോക്ക ക്ഷേമ കോർപറേഷനിൽ ചെയർമാൻ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകൾ, തിരഞ്ഞെടുപ്പുകൾക്ക് നോമിനേഷൻ നൽകിയപ്പോഴുള്ള ഒപ്പുകൾ എന്നിവ ഫൊറൻസിക് സംഘം പരിശോധിച്ചു. അങ്ങനെയാണ് വിൽപത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തിയത്.

ഈ തർക്കത്തിന്റെ പേരിലാണ് ആദ്യ രണ്ടര വർഷം മന്ത്രി സ്ഥാനത്തു നിന്ന് കെ.ബി.ഗണേഷ്കുമാറിനെ മാറ്റി നിർത്തിയത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രി സ്ഥാനം നൽകാൻ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്കുമാറിനു ലഭിച്ചത്.



Post a Comment

Previous Post Next Post

AD01

 


AD02