പെരളശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത പഞ്ചായത്തായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. പെരളശ്ശേരി ശുചിത്വത്തിന്റെ അനുകരണീയമായ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നമുക്ക് ആവശ്യമില്ലാത്തതെല്ലാം കാണുന്നിടത്ത് വലിച്ചെറിയുന്നത് ശരിയായ രീതിയല്ലെന്നും ശുചിത്വത്തിനായുള്ള ഇടപെടൽ സാംസ്കാരിക പ്രവർത്തനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ അണിനിരത്തി മാത്രമേ ഇത്തരം മാതൃകകൾ സാധ്യമാകു. 89 ശതമാനം വീടുകളിൽ നിന്ന് ഹരിത കർമ്മ സേന ഇപ്പോൾ മാലിന്യം ശേഖരിക്കുന്നുണ്ട്. മാർച്ച് മാസത്തോടെ ഇത് 100 ശതമാനമാക്കണമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷയായി. ശുചിത്വത്തെ കുറിച്ചുള്ള ജനങ്ങളുടെ മനോഭാവത്തിൽ തന്നെ മാറ്റം വന്നുവെന്നും 18 വാർഡുകളിലും ഖരമാലിന്യ സംസ്കരണം 100 ശതമാനം നടത്താൻ സാധിക്കുന്നുവെന്നും അവർ പറഞ്ഞു.
ഹരിത വിദ്യാലയം, ഹരിതകലാലയം, ഹരിത ടൗൺ, ഹരിത പൊതുയിടം, ഹരിതടൂറിസം പ്രഖ്യാപനങ്ങൾ എന്നിവ പഞ്ചായത്ത് ഇതിനോടകം പൂർത്തീകരിച്ചു. 18 വാർഡുകളിലും ശുചിത്വപ്രഖ്യാപനവും നടന്നു. ആറ് ടൗണുകളെയും മാലിന്യമുക്തമായി ഇതിനോടകം പ്രഖ്യാപിച്ചു.മാലിന്യസംസ്കരണത്തെ കുറിച്ച് ഡി.പി.ആർ. തയ്യാറാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കർമ്മപദ്ധതി തയ്യാറാക്കി ഘട്ടം ഘട്ടമായി നടപ്പാക്കുകയുമായിരുന്നു.വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ എല്ലാ പരിപാടികളിലും ഉത്സവങ്ങളിലും ആഘോഷങ്ങളിലും പൂർണമായും ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമാക്കി.മെഗാ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും വാർഡ് തലത്തിൽ കർമ്മപദ്ധതികൾ ആവിഷ്കരിക്കുകയും പൊതുപരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുകയും ചെയ്തു. ഉറവിട മാലിന്യ സംസ്കരണ ബോധവത്കരണം നടത്തി, ജലസ്രോതസ്സുകൾ ശുചിയാക്കുകയും നീരൊഴുക്ക് ഉറപ്പാക്കുകയും ചെയ്തു. ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചു. ശുചിത്വദീപം തെളിയിക്കൽ, സോഷ്യൽ മീഡിയ ക്യാമ്പയ്നുകൾ ഉൾപ്പെടെ വിപുലമായ പ്രവർത്തനങ്ങളാണ് മാലിന്യമുക്ത പഞ്ചായത്ത് എന്ന പദവി നേടുന്നതിന് പെരളശ്ശേരിയെ പ്രാപ്തമാക്കിയത്. പരിപാടിയിൽ മുഖ്യമന്ത്രിയുടെ ശുചിത്വ സന്ദേശം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ വായിച്ചു. ശുചിത്വ പ്രവർത്തകരെ നവ കേരളം മിഷൻ അസിസ്റ്റൻറ് കോ ഓർഡിനേറ്റർ ടി പി സുധാകരൻ ആദരിച്ചു. ശുചിത്വ ഗ്രേഡിങ്ങിൽ ഉയർന്ന സ്കോർ നേടിയ സ്കൂളുകളെ മുൻ എംഎൽഎ കെ കെ നാരായണൻ ആദരിച്ചു. വനമിത്ര പുരസ്കാരം നേടിയ പി വി ദാസനെ ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിജു ആദരിച്ചു. റോൾപ്ലേ ദേശീയ മത്സര വിജയികളെ ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട് ആദരിച്ചു. ഹരിത കർമ്മ സേനക്കുള്ള ആദരവും യൂണിഫോം വിതരണവും ഹരിത കേരള മിഷൻ സ്റ്റേറ്റ് അസിസ്റ്റൻറ് കോ ഓർഡിനേറ്റർ എസ് യു സഞ്ജീവ് നിർവഹിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിൻ്റി ലക്ഷ്മൺ റിപ്പോർട്ട് അവതരിപ്പിച്ചു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സുഗതൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ ബീന, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ശൈലജ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി സഞ്ജന, കെ വി ജയരാജൻ, ഇന്റേണൽ വിജിലൻസ് ഓഫീസർ പി ബാലൻ, സിഡിഎസ് ചെയർപേഴ്സൺ സി കെ സൗമിനി, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി കെ പത്മനാഭൻ, എം കെ മുരളി, കെ ഒ സുരേന്ദ്രൻ, എ മഹീന്ദ്രൻ, എം കെ മനോഹരൻ, പി കെ ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment