‘നാഗാ സമാധാന പ്രക്രിയ വേഗത്തിലാക്കാൻ സ്ഥിരം മധ്യസ്ഥനെ ചുമതലപ്പെടുത്തണം’; കേന്ദ്രത്തിന് കത്ത് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ള പാർലമെന്‍റ് അംഗങ്ങൾ


നാഗാ സമാധാന പ്രക്രിയ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി സ്ഥിരം മധ്യസ്ഥനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാർലമെന്‍റ് അംഗങ്ങൾ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്കി. വടക്ക്-കിഴക്കൻ മേഖലയ്ക്കും രാജ്യത്തിനൊട്ടാകെയും അതീവ പ്രാധാന്യമുള്ള ഈ സമാധാന കരാർ ചർച്ചയുടെ വിശദാംശങ്ങളും നിലവിലെ സ്തംഭനാവസ്ഥയുടെ കാരണങ്ങളും മുന്നോട്ടുള്ള നടപടികളും പാർലമെന്റിൽ റിപ്പോർട്ട് ചെയ്യണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ കക്ഷികളിലെ 22 അംഗങ്ങളാണ് അമിത്ഷായ്ക്ക് സംയുക്ത കത്ത് നല്കിയത്.

ദേശീയ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും നിർണായകമായ നാഗാ സമാധാന കരാറിനെക്കുറിച്ചുള്ള രഹസ്യാത്മകതയും തുടർ ചർച്ചകളിലെ സ്തംഭനാവസ്ഥയും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സമാധാന പ്രകിയയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പാർലമെന്റിനെ പോലും ഗവൺമെന്റ് അറിയിച്ചിട്ടില്ല എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. 2015ലെ പ്രാഥമിക കരാർ പ്രകാരമുള്ള വെടിനിർത്തലിന് ശേഷം സായുധ ആക്രമണങ്ങളിലുണ്ടായ കുറവ് ഇതുവരെ കൈവരിച്ച പുരോഗതിയെ സാക്ഷ്യപ്പെടുത്തുന്നതാണ്. എന്നാൽ 2021 സെപ്റ്റംബറിൽ മധ്യസ്ഥന്റെ രാജിക്ക് ശേഷം താല്കാലിക ചുമതല മറ്റൊരാൾക്ക് നൽകിയ ശേഷം തുടർ ചർച്ചകളിൽ ഉണ്ടായ മാന്ദ്യം മൂന്ന് പതിറ്റാണ്ടുകൊണ്ട് നേടിയ പുരോഗതിയെ ഇല്ലാതാക്കുന്നതാണ്. മേഖലയിൽ ശാശ്വതമായ സ്ഥിരത കൈവരിക്കുന്നതിന് ജനപ്രതിനിധികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തിയുള്ള സമാധാന ചർച്ചകൾ അത്യന്താപേക്ഷിതമാണ്. ജനാധിപത്യ മേൽനോട്ടമില്ലാത്ത ബ്യൂറോക്രാറ്റിക് ചർച്ചകൾ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്നും പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. അഞ്ച് രാജ്യങ്ങളുമായി അതിർത്തി പങ്കിടുകയും ദേശീയ സുരക്ഷയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന വടക്ക് കിഴക്കൻ മേഖലയിലെ സമാധാനം രാജ്യ പുരോഗതിക്ക് അനിവാര്യമാണ്. സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിലെ കാലതാമസം ആശങ്കപ്പെടുത്തുന്നതും നിലവിലെ ചർച്ചകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നതുമാണ്. അത്തരം സ്തംഭനാവസ്ഥ പതിറ്റാണ്ടുകളായി സമ്പാദിച്ച വിശ്വാസത്തെയും പിന്തുണയെയും ദുർബലപ്പെടുത്തുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർലമെന്റ് അംഗങ്ങളായ പ്രൊഫ. മനോജ് കുമാർ ഝാ, സഞ്ജയ് യാദവ്, ഡോ. ജോൺ ബ്രിട്ടാസ്, എ എ റഹിം, പി സന്തോഷ് കുമാർ, വി ശിവദാസൻ, പി പി സുനീർ, ജാവേദ് അലിഖാൻ, ഡോ. ഫൗസിയ ഖാൻ, ഡോ. കനിമൊഴി, പി വി അബ്ദുൾ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ, കെ രാധാകൃഷ്ണൻ, അംറാ റാം, സു വെങ്കിടേശൻ, ആർ സച്ചിതാനന്ദം തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചവർ.



Post a Comment

Previous Post Next Post

AD01

 


AD02