കണ്ണൂരിൽ പാതിവില തട്ടിപ്പിന് പിന്നാലെ ആത്മീയ തട്ടിപ്പും കോടികള്‍ തട്ടി, നിരവധി പേര്‍ കുടുങ്ങി




കണ്ണൂർ : ഓണ്‍ലൈൻ ആത്മീയ ക്ലാസുകളില്‍ പങ്കെ‌ടുത്താല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞ് തട്ടിപ്പ്. ഇത് വിശ്വസിച്ച്‌ പണം നഷ്ടപ്പെട്ടത് നിരവധി പേർക്ക്.കേരളത്തിനകത്തും പുറത്തും വിദേശത്തുമായി മലയാളികളടക്കം നിരവധിപേർ ആത്മീയ തട്ടിപ്പിനിരയായി. കണ്ണൂർ മമ്പറം സ്വദേശി പ്രശാന്ത് മാറോളിയുടെ പരാതിയില്‍ ഡോക്ടർമാരുള്‍പ്പെടെ ആറുപേർക്കെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു. ഡോ. അഷറഫ്, ഡോ. അഭിന്ദ് കാഞ്ഞങ്ങാട്, കെ.എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ്കുമാർ, സനല്‍ എന്നിവരാണ് പ്രതികള്‍. ഇവരുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്‍റെ പേരില്‍ ആത്മീയ ക്ലാസുകള്‍ നടത്തി പണം തട്ടിയതായി സൂചനയുണ്ട്. പ്രപഞ്ചോർജത്തെ ഫലപ്രദമായി ഉപയോഗിച്ച്‌ സർവോന്മുഖമായ നേട്ടം ആത്മീയകാര്യങ്ങളില്‍കൂടി കൈവരിക്കുമെന്ന് യൂട്യൂബില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ്.

സാമ്പത്തിക-വിദ്യാഭ്യാസ ഉന്നതി, ജോലി ഉയർച്ച, സന്താനഭാഗ്യം തുടങ്ങിയവ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. സ്റ്റാർ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍. ഒന്നാം പ്രതി ഡോ. അഷറഫ് എന്ന ഹിമാലയൻ ഗുരു അഷറഫ് ബാബയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗുരുദക്ഷിണയായി 14,000 രൂപയാണ് വാങ്ങുക. ഗുരുവിന്‍റെ അനുഗ്രഹത്തിനായി ആയിരമോ പതിനായിരമോ ലക്ഷമോ നല്‍കാം. ഇതിനായി 1,000 പേരടങ്ങുന്ന വാട്സ്‌ആപ് കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്. നേട്ടം ലഭിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ അനുഭവങ്ങളും വിവരങ്ങളും മറ്റുള്ളവരുടെ വിശ്വാസം നേടാനായി ഗ്രൂപ്പില്‍ പങ്കുവെക്കും.വമ്ബന്മാരടക്കം ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. ആത്മീയ ക്ലാസുകള്‍ക്കൊപ്പം ടൂർ പ്രോഗ്രാമും ന‌ടത്തിയിരുന്നു. കണ്ണൂരില്‍ മാത്രം 13 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് പറഞ്ഞു. പണം നല്‍കി കുറേ നാളുകള്‍ക്ക് ശേഷവും യാതൊരു പുരോഗതിയും ഇല്ലാതായതോടെയാണ് പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൂടുതല്‍ പരാതികള്‍ വരും ദിവസങ്ങളില്‍ വരുമെന്നാണ് പൊലീസ് കണക്കാക്കുന്നത്.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02