തൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി എം.ബി രാജേഷ്

 


മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളം ഇന്ത്യയ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമത്തിൽ പറയുന്നതിനും അപ്പുറത്ത് വിപുലമായാണ് കേരളം പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണ മേഖലയ്ക്ക് പുറമേ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്ന പേരിൽ നഗരസഭാ പ്രദേശങ്ങളിലും കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനവും കേരളമാണ്. 

രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഒമ്പത് മാനദണ്ഡങ്ങളിൽ നാലെണ്ണത്തിൽ ഒന്നാം സ്ഥാനവും ബാക്കി അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ് ലഭിച്ചിട്ടുള്ളത്. തരിശു നിലം കൃഷിയോഗ്യമാക്കൽ, കിണർ റീചാർജിങ്, ഫാം പോണ്ടിങ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സുസ്ഥിര വികസനം കൊണ്ടുവരാൻ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങൾ അറിയുക, അഭിപ്രായം പറയുക, പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിവശ്യമായ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്. 

തിരുമിറ്റക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ തൃത്താല അഡീഷണൽ സി.ഡി.പി.ഒ എം.ഉഷ അധ്യക്ഷത വഹിച്ചു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം മനോമോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എസ് ഷെറിന തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ പൊതു നിരീക്ഷകനായിരുന്നു. സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.എസ് സുദർശന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതുജനാഭിപ്രായ ചർച്ചയ്ക്ക് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി പി.വി സുമതി മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ സ്വാഗതവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ പി.കെ കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.

WE ONE KERALA -NM








Post a Comment

Previous Post Next Post

AD01

 


AD02