ട്രെയിനുള്ളിൽ പീഡന ശ്രമം ചെറുത്ത ഗർഭിണിയെ പുറത്തേക്ക് തള്ളിയിട്ട സംഭവം; യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു


തമിഴ് നാട്ടിലെ വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് ഗർഭിണിയായ തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലുമാസം പ്രായമുണ്ടായിരുന്ന ​ഗർഭസ്ഥ ശിശുവിന്‍റെ ഹൃദയമിടിപ്പ് വീഴ്ചയിൽ നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവതി നിലവിൽ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയാണ് യുവതിക്കു നേരെ ട്രെയിനിൽ വച്ച് പീഡന ശ്രമമുണ്ടായത്. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുന്ന യുവതി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ലേഡീസ് കംപാർട്ടമെന്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. കമ്പാർട്മെന്റിൽ മറ്റ് ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ജോലർപേട്ടൈയിലെത്തിയപ്പോൾ മറ്റ് യാത്രക്കാർ ഇറങ്ങി. ഈ സമയത്താണ് ഹേമരാജ് കംപാർട്ട്മെന്റിലേക്ക് കയറുകയും യുവതി മാത്രമേ ഉള്ളുവെന്ന് മനസിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. യുവതി ശുചി മുറിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നാലെയെത്തി പ്രതി അക്രമം അഴിച്ചു വിട്ടു. നിലവിളിച്ച യുവതി, തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മദ്യലഹരിയിൽ ആയിരുന്ന ഹേമരാജ് തയാറായില്ല. കവനൂറിനു സമീപമെത്തിയപ്പോൾ ഇയാൾ യുവതിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ് ട്രാക്കിൽ കിടന്ന യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ തമിഴ്നാട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ വാർത്താക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. 



Post a Comment

Previous Post Next Post

AD01

 


AD02