കൊച്ചിയിലെ ആതിര ഗോൾഡ് സ്വർണ നിക്ഷേപ തട്ടിപ്പ്: അന്വേഷണം ഊർജിതമാക്കി പൊലീസ്


കൊച്ചിയിലെ ആതിര ഗോൾഡ് സ്വർണ നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. തട്ടിപ്പുകാർക്കെതിരെയുള്ള പരാതികളിൽ ഒരുമിച്ചു കേസ് എടുക്കാനാണ് പൊലീസ് നീക്കം. നിക്ഷേപകരിൽനിന്ന് സ്വരൂപിച്ച പണവും സ്വർണവും എവിടേയ്ക്കു മാറ്റിയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. സ്വർണ നിക്ഷേപത്തിൻ്റെ പേരിലും സ്വർണ ചിട്ടിയുടെ പേരിലും ആതിര ഗോൾഡ് നടത്തിയ തട്ടിപ്പിൽ ആയിരത്തിലധികം പേരാണ് കബളിപ്പിക്കപ്പെട്ടത്. വൈപ്പിൻ, കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, ചെറായി എന്നിവിടങ്ങളിലാണ് കൂടുതൽ പേരും തട്ടിപ്പിന് ഇരയായത്. ലക്ഷകളുടെ തട്ടിപ്പ് നടന്ന മൂന്ന് പ്രധാന കേസുകൾ പ്രത്യേകമായും വിവിധ സ്റ്റേഷനുകളിലുള്ള നൂറുകണക്കിന് പരാതികൾ ഒരുമിച്ച് ഒറ്റ കേസ് ആയും പരിഗണിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസിലും മുനമ്പം പോലീസിലും നിരവധി ആളുകൾ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ കേസ് നൽകിയാൽ പണം കിട്ടില്ലെന്നും പണവും സ്വർണവും തിരികെ നൽകാമെന്നും ഇടനിലക്കാർ മുഖേന സ്ഥാപന ഉടമകൾ തട്ടിപ്പിന് ഇരയായവർക്ക് വാഗ്ദാനം നൽകിയിരുന്നു. ഇത് വിശ്വസിച്ച് ഇന്നലെ ആൻറണിയുടെ വീട്ടിലെത്തിയ നിക്ഷേപകർ വീട് പൂട്ടിക്കിടക്കുന്നതു കണ്ട് പ്രതിഷേധവും നടത്തി. ലൈസൻസ് ഇല്ലാതെയാണ് ആതിര ഗോൾഡ് ഉടമകൾ സ്വർണ – പണ നിക്ഷേപങ്ങൾ സ്വീകരിച്ചത് ഇതിലും പൊലീസ് അന്വേഷണം തുടരുന്നുണ്ട്. അറസ്റ്റിലായ ആതിര ഗോൾഡ് ഉടമകളായ മുനമ്പം പള്ളിപ്പുറം സ്വദേശി ആന്റണി, ജോസഫ്, ജോൺസൺ, ജോബി എന്നിവർ നിലവിൽ റിമാൻഡിലാണ്. നിക്ഷേപകരിൽനിന്ന് സ്വരൂപിച്ച പണവും സ്വർണവും എവിടേയ്ക്കു മാറ്റിയെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.

Post a Comment

Previous Post Next Post

AD01

 


AD02